ഒരു വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളും കോര്‍ത്തിണക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. കോമഡി ഴോണറില്‍ ഒരുക്കിയ ചിത്രത്തില്‍ മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
വിവാഹം പ്രമേയമാകുന്ന ചിത്രം മുന്നോട്ടുവെക്കുന്ന ചില സന്ദേശങ്ങളുണ്ടെന്നും ഒരു കല്യാണം കഴിച്ചാല്‍ എല്ലാം ശരിയാകും എന്ന് പറയുന്നത് വലിയ മണ്ടത്തരമാണെന്നും പറയുകയാണ് നടന്‍ പൃഥ്വിരാജ്.
ഈ സിനിമയും അത്തരമൊരു മെസ്സേജാണ് മുന്നോട്ടുവെക്കുന്നതെന്നും കല്യാണം എന്ന് പറയുന്നത് പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരമൊന്നുമല്ലെന്നും പൃഥ്വി പറയുന്നു.
‘ഈ സിനിമയിലെ ട്രെയിലറിലാണോ ടീസറിലാണോ എന്നറിയില്ല, ഒരു കല്യാണം കഴിച്ചാല്‍ എല്ലാം ശരിയാകും എന്ന് പറയുന്നത് എന്ത് വലിയ മണ്ടത്തരമാണ് എന്ന് അതിലൊരിടത്ത് പറയുന്നുണ്ട്.
കല്യാണം എന്ന് പറയുന്നത് പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരമൊന്നുമല്ല. രണ്ടാള്‍ക്കാര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ അത് ഇങ്ങനെയാണ്.
അതിന് അപ്പുറത്തേക്ക് കല്യാണം എന്ന് പറഞ്ഞാല്‍ അതിനെ ഒരാളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിട്ടൊന്നും കാണാന്‍ പാടില്ലെന്ന് കൂടി തമാശ രൂപേണ ഈ സിനിമയില്‍ പറഞ്ഞുപോകുന്നുണ്ട്.
പിന്നെ ഈ സിനിമയില്‍ ഒരു കല്യാണമാണ് മെയിന്‍ ബാക്ക് ഡ്രോപ്പ്. ആ കല്യാണം ഒരു പശ്ചാത്തലവും കാരണവും മാത്രമാണ്. ആ കാരണം ഉണ്ടാകുന്ന വേറെ കുറേ കണ്‍ഫ്യൂഷന്‍സും പ്രശ്‌നങ്ങളുമൊക്കെയാണ് കഥ. അത് കല്യാണത്തില്‍ പര്യവസാനിക്കുന്ന രീതിയാണ് ഇതില്‍ ഉള്ളത്,’ പൃഥ്വിരാജ് പറഞ്ഞു.
കല്യാണം കഴിക്കാത്ത ആളെന്ന രീതിയില്‍ എന്താണ് പറയാനുള്ളത് എന്ന നടി നിഖില വിമലിനോടുള്ള ചോദ്യത്തിന് കല്യാണം കഴിക്കണ്ട എന്നാണ് പറയാനുള്ളത് എന്നായിരുന്നു നിഖിലയുടെ രസകരമായ മറുപടി.
എപ്പോള്‍ തോന്നുന്നോ അപ്പോള്‍ കല്യാണം കഴിക്കുക. ഈ സിനിമ കല്യാണത്തെ പ്രൊമോട്ട് ചെയ്യുന്ന സിനിമയല്ല. ഒരു ഫാമിലിയില്‍ നടക്കുന്ന ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുമാണ്. അല്ലാതെ കല്യാണം കഴിച്ചാലാണ് നന്നാവുക എന്നൊന്നും ഈ സിനിമ പറഞ്ഞുവെക്കുന്നില്ല,’ നിഖില പറഞ്ഞു. പ്രത്യേകിച്ച് ഒരു സോഷ്യല്‍മെസ്സേജൊന്നും തരുന്ന സിനിമയല്ല ഗുരുവായൂരമ്പല നടയിലെന്നായിരുന്നു നടി അനശ്വര രാജന്റേയും പ്രതികരണം.
ജയ ജയ ജയ ജയഹേ ചെയ്ത സംവിധായകന്റെ സിനിമ ആയതുകൊണ്ട് എന്തെങ്കിലും ഒരു പൊളിറ്റിക്കല്‍ മെസ്സേജൊന്നും തരുന്ന സിനിമയായി ഇതിനെ പ്രതീക്ഷിക്കരുതെന്നും പ്രോപ്പര്‍ പോപ്‌കോണ്‍ എന്റര്‍ടൈന്‍മെന്റ് സിനിമയാണ് ഇതെന്നുമായിരുന്നു നടന്‍ ബേസില്‍ ഇതിനോട് ചേര്‍ത്തു പറഞ്ഞത്.
Content Highlight: Prithviraj about the concept of marriage