Advertisement
IPL
തിരുവനന്തപുരത്ത് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാകുന്നത് പോലെ; രാജസ്ഥാനിലല്ല, ഹോം മത്സരത്തിന് പിങ്ക് ആര്‍മി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 26, 12:05 pm
Wednesday, 26th March 2025, 5:35 pm

ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോല്‍വി നേരിട്ടതിന് ശേഷമാണ് രാജസ്ഥാന്‍ സ്വന്തം മണ്ണില്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

രാജസ്ഥാനെ പോലെ സീസണില്‍ ആദ്യ മത്സരം പരാജയപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരം കളിച്ചപ്പോള്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാരാണ് ഈ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

രാജസ്ഥാന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ രണ്ടാം മത്സരം കളിക്കുന്നത്. ഇത് രാജസ്ഥാന്റെ മാത്രമല്ല, ക്യാപ്റ്റന്റെ റോളിലെത്തുന്ന റിയാന്‍ പരാഗിന്റെയും ഹോം സ്‌റ്റേഡിയമാണിത്.

2023 മുതലാണ് രാജസ്ഥാന്‍ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തെ തങ്ങളുടെ രണ്ടാം ഹോം സ്റ്റേഡിയമായി പരിഗണിക്കാന്‍ തുടങ്ങിയത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിക്കറ്റിന് കൂടുതല്‍ വേരോട്ടമുണ്ടാക്കുക എന്ന ലക്ഷ്യവും കൂടി ഇതിന് പിറകിലുണ്ടായിരുന്നു.

2023 ഏപ്രില്‍ രണ്ടിന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്‍ ഈ വേദിയില്‍ തങ്ങളുടെ ആദ്യ മത്സരം കളിച്ചത്. ഇതാദ്യമായിട്ടായിരുന്നു ഒരു നോര്‍ത്ത് ഈസ്റ്റേണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഐ.പി.എല്ലിന് വേദിയായത്.

ഹോം ടൗണ്‍ ഹീറോ റിയാന്‍ പരാഗായിരിക്കും ഈ മത്സരത്തിലെ സെന്റര്‍ ഓഫ് അട്രാക്ഷന്‍. തന്റെ സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നതിന്റെ എല്ലാ ത്രില്ലും പരാഗിനുണ്ടാകും, കാരണം മലയാളികള്‍ക്ക് സഞ്ജു എങ്ങനെയാണോ, അതുപോലെയാണ് അസം ആരാധകര്‍ക്ക് റിയാന്‍ പരാഗും.

ആഭ്യന്തര തലത്തില്‍ അസമിനെ നയിച്ച താരം ഇതാദ്യമായിട്ടാണ് ലോകമറിയുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഒരു ടീമിനെ നയിക്കുന്നത്.

തങ്ങളുടെ പുതിയ ക്യാപ്റ്റന്‍സി മെറ്റീരിയലായി പരാഗിനെ വളര്‍ത്തിയെടുക്കുന്നതിനൊപ്പം തന്നെ അസം ജനതയ്ക്ക് തങ്ങളുടെ പ്രിയപ്പെട്ടവനെ ക്യാപ്റ്റനായി സ്വന്തം തട്ടകത്തില്‍ കാണാനുള്ള അവസരവും രാജസ്ഥാന്‍ ഒരുക്കി നല്‍കിയിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

നിതീഷ് റാണ, ശുഭം ദുബെ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ്, വാനിന്ദു ഹസരങ്ക, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കുണാല്‍ സിങ് റാത്തോഡ് (വിക്കറ്റ് കീപ്പര്‍), മഹീഷ് തീക്ഷണ, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ഫസല്‍ഹഖ് ഫാറൂഖി, ക്വേന മഫാക്ക, അശോക് ശര്‍മ, സന്ദീപ് ശര്‍മ, ജോഫ്രാ ആര്‍ച്ചര്‍, യുദ്ധ്വീര്‍ സിങ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ആംഗ്രിഷ് രഘുവംശി, മനീഷ് പാണ്ഡേ, രമണ്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രേ റസല്‍, അനുകൂല്‍ റോയ്, മോയിന്‍ അലി, റോവ്മന്‍ പവല്‍, സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ലവ്‌നീത് സിസോദിയ (വിക്കറ്റ് കീപ്പര്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ആന്‌റിക് നോര്‍ക്യ, ചേതന്‍ സ്‌കറിയ, ഹര്‍ഷിത് റാണ, മായങ്ക് മാര്‍ക്കണ്ഡേ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

 

Content Highlight: IPL 2025: Rajasthan Royals will face Kolkata Knight Riders at Guwahati