ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്.
ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് ആടുജീവിതം കാഴ്ചവെച്ചത്. 150 കോടിയിലധികം ചിത്രം കളക്ട് ചെയ്തു. ബെന്യാമിന്റെ ആടുജീവിതം വായിച്ച മലയാളികൾക്കെല്ലാം നജീബിനെ അറിയുന്നതാണ്. എന്നാൽ പൃഥ്വിരാജ് തന്റേതായ രീതിയിലാണ് നജീബിനെ സിനിമയിൽ അവതരിപ്പിച്ചത്.
ചിത്രത്തിൽ അധികം ചർച്ചയാവാതെ പോയ തന്റെയൊരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. സിനിമയിൽ കത്ത് വായിക്കുന്ന ഒരു രംഗത്തിൽ ഏറെ നാളുകൾക്ക് ശേഷം വായിക്കുന്നതിന്റെ പ്രയാസം സ്‌ക്രീനിൽ കൊണ്ടുവരാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അധികമാരും അത് സ്പോട്ട് ചെയ്തിട്ടില്ലെന്നും പൃഥ്വിരാജ് പറയുന്നു. ബ്ലെസിയോട് ചോദിച്ച് താൻ തന്നെയാണ് ആ സീൻ അങ്ങനെ അവതരിപ്പിച്ചതെന്നും പൃഥ്വി പറഞ്ഞു.
ഇത് ആരും പറഞ്ഞില്ല എന്ന് ഞാൻ പറയുന്നില്ല, കുറച്ച് ആളുകൾ സ്പോട്ട് ചെയ്തിട്ടുണ്ട്. ആരും പറഞ്ഞില്ല എന്ന് പറയുന്നത് തെറ്റാണ്. എങ്കിലും ചർച്ചാ വിഷയം ആകാത്ത ഒരു സീനാണ്.
ആക്ടർസ് ഇന്റെർപ്രെറ്റേഷന്റെ ഭാഗമായിട്ട് എന്റെ മനസിൽ വന്ന ചിന്ത ബ്ലെസി ചേട്ടനോട് ഷെയർ ചെയ്തിരുന്നു. ഇയാൾ മരുഭൂമിയിൽ വന്നു പെട്ടതിന് ശേഷം ദേഷ്യം പറഞ്ഞു നിൽക്കുന്ന ഫെയ്സ് കഴിഞ്ഞാൽ അയാൾ ഭാഷ ഉപയോഗിക്കുന്നുണ്ടാവില്ലല്ലോ. മലയാളം സംസാരിക്കാൻ ആരുമില്ല, പറഞ്ഞാൽ മനസിലാകുന്ന ആരുമില്ല. ആടുകളോടും ഒട്ടകങ്ങളോടും ഒരു ബന്ധം ഉണ്ടെങ്കിലും ദിവസേന വർത്താനം പറയുന്നത് ഒന്നും ഉണ്ടാവില്ല.
ഭാഷ ഉപയോഗിക്കുന്നതിന്റെ ബ്രെയിൻ മെമ്മറി കുറച്ച് പിറകോട്ട് ആവും. മൂന്ന് വർഷത്തിനുശേഷം ഹക്കീമിനെ കണ്ടുമുട്ടുമ്പോൾ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഭാഷ കിട്ടില്ല എന്നത് പെർഫോമൻസിൽ വരണം എന്ന് എനിക്ക് തോന്നിയിരുന്നു. അത് പറഞ്ഞപ്പോൾ ബ്ലെസി ചേട്ടന് നല്ല സന്തോഷം.
ഹക്കീമിനെ കാണുന്ന സീനിലും ഈ സെന്റെൻസ് കൺസ്ട്രക്ട് ചെയ്യാൻ പറഞ്ഞിട്ട് എന്ത് വാക്കുകളാണ് ഉപയോഗിക്കേണ്ടത് എന്ന സ്ട്രഗിൾ ഉണ്ട്. ആ സീനിനു ശേഷം ഹക്കീം ഒരു കത്ത് കല്ലിൽ വെച്ചിട്ട് ഞാൻ ഓടിപ്പോയത് എടുക്കുന്നുണ്ട്. അത് ഞാൻ ടേക്കിൽ ചെയ്തതാണ്. ആ കത്ത് എടുത്തിട്ട് വായിക്കാൻ കുറച്ച് ശ്രമിക്കും, എനിക്ക് വാക്കുകൾ പിടികിട്ടുന്നില്ല.
കുറച്ചധികം നേരം പേപ്പറിൽ നോക്കിയിട്ടാണ് ഇത് തിരിച്ചാണ് പിടിച്ചിരിക്കുന്നത് എന്ന് സ്പോട്ട് ചെയ്യാൻ പറ്റുന്നത്. ഭാഷ അയാൾക്ക് മനസിലാക്കാനുള്ള ശേഷി നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നൊരു ഡീറ്റൈലിങ് കൊടുക്കാൻ ശ്രമിച്ചതാണ്. കുറച്ച് ആൾക്കാരൊക്കെ സ്പോട്ട് ചെയ്തു പറഞ്ഞു. അങ്ങനെ ഒരു വലിയ ചർച്ച വന്നില്ല,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj About His Performance In Aadujeevitham Movie