കൊവിഡിന് ശേഷം പുറത്തിറങ്ങുന്ന പൃഥ്വിരാജിന്റെ മൂന്നാമത്തെ ഒ.ടി.ടി റിലീസാണ് ഭ്രമം. കോള്‍ഡ് കേസിനും കുരുതിയ്ക്കും പിന്നാലെ എത്തിയ ഭ്രമത്തില്‍ അന്ധനായി അഭിനയിക്കുന്ന ഒരാളുടെ വേഷമാണ് പൃഥ്വി കൈകാര്യം ചെയ്തിരിക്കുന്നത്.
അന്ധനായ കഥാപാത്രം വെല്ലുവിളിയാണെന്നും എന്നാല്‍ അന്ധനായ കഥാപാത്രമായി അഭിനയിക്കുന്ന ഒരാളായി അഭിനയിക്കുകയെന്നാല്‍ അതിനെക്കാള്‍ വലിയ വെല്ലുവിളിയാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.
അന്ധനായി അഭിനയിക്കുകയാണെങ്കില്‍ അത് അല്‍പ്പം കൂടി എളുപ്പമായിരുന്നെന്നും എന്നാല്‍ അന്ധനെ അനുകരിക്കുന്ന ഒരാളെ പോലെ അഭിനയിക്കുക എന്നത് വെല്ലുവിളി തന്നെയാണെന്നും കഥാപാത്രത്തെ പരമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പൃഥ്വി പറയുന്നു.
അന്ധാദുനുമായി ഭ്രമത്തെ ആളുകള്‍ തീര്‍ച്ചയായും താരതമ്യപ്പെടുത്തുമെന്നും ഈ കഥ മലയാളത്തിന്റെ ചുറ്റുപാടില്‍ പറയാന്‍ സാധിക്കുന്നതുകൊണ്ടാണ് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.
അന്ധാദുന്‍ ഒരു തവണ മാത്രമേ താന്‍ കണ്ടിരുന്നുള്ളൂവെന്നും ഭ്രമം ചെയ്യണമെന്ന ആലോചന വന്നതിന് ശേഷം ഒരിക്കല്‍ പോലും അന്ധാദുന്‍ കണ്ടിരുന്നില്ലെന്നും പൃഥ്വി പറഞ്ഞു.
ഭ്രമത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങളെ അതിന്റെ രീതിയില്‍ തന്നെ സ്വീകരിക്കും. ആളുകള്‍ സിനിമ കണ്ട ശേഷം അവരുടെ അഭിപ്രായങ്ങള്‍ പറയട്ടെ. ഈ സിനിമ വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. ആളുകള്‍ക്കും അത് ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്, പൃഥ്വി പറഞ്ഞു.
1990കളിലാണ് ഭ്രമം ഷൂട്ട് ചെയ്യുന്നതെങ്കില്‍ താന്‍ ചെയ്ത കഥാപാത്രം അഭിനയിച്ച് ഫലിപ്പിക്കാന്‍ മോഹന്‍ലാല്‍ അല്ലാതെ വേറെ ഒരു ഓപ്ഷനില്ല എന്ന് ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞിരുന്നു.
മാത്രമല്ല, മോഹന്‍ലാലിനു ഇപ്പോഴും ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കുമെന്നും, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രായത്തിനു അനുസരിച്ചു തിരക്കഥയില്‍ ചെറിയ ചില തിരുത്തലുകള്‍ നടത്തിയാല്‍ മതിയാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം അന്ധാധുന്റെ റീമേക്കാണ് ഭ്രമം. ആയുഷ്മാന്‍ ഖുരാന, രാധിക ആപ്‌തെ, തബു എന്നിവരാണ് അന്ധാധുനിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ഭ്രമത്തില്‍ പൃഥ്വിരാജിന് പുറമെ റാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
ഛായാഗ്രാഹകന്‍ കൂടിയായ രവി കെ. ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.