Entertainment news
വസ്ത്രങ്ങളൊന്നുമില്ലാതെ പ്രേക്ഷകര്‍ അയാളെ കാണുന്ന ഒരു സീനുണ്ട്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 08, 03:27 pm
Saturday, 8th April 2023, 8:57 pm

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. അതിനുവേണ്ടി താരം നടത്തിയ മേക്കോവര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമക്ക് വേണ്ടി താന്‍ നടത്തിയ മേക്കോവറിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

ഷൂട്ടിന്റെ സമയത്തുള്ള തന്റെ ഫോട്ടോസ് പുറത്ത് വിടണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും എന്നാല്‍ പ്രേക്ഷകരുടെ എക്‌സൈറ്റ്‌മെന്റ് നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ട് ഏതാണ്ട് അവസാനമൊക്കെ ആയപ്പോള്‍ ഭക്ഷണമൊക്കെ പൂര്‍ണമായി ഒഴുവാക്കേണ്ടി വന്നെന്നും തനിക്ക് വേണ്ടി സെറ്റിലൊരു ഡോക്ടറുണ്ടായിരുന്നു എന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താരം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ശരിക്കും ടെംറ്റേഷനുണ്ട്. ആ പറയുന്ന സീന്‍ നമ്മള്‍ ശരിക്കും ഷൂട്ട് ചെയ്തു. ആദ്യമായിട്ട് ഇയാളുടെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നുമില്ലാതെ പ്രേക്ഷകര്‍ കാണുന്ന ഒരു സീനുണ്ട്. വളരെ ഷോക്കാകുന്ന ഒരു സീനാണത്. അത് കഴിഞ്ഞ പ്രാവശ്യം ജോര്‍ദാനിലുണ്ടയിരുന്നപ്പോള്‍ നമ്മള്‍ എടുത്തിരുന്നു. അതിന്റെയൊരു ഫോട്ടോ റിലീസ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

അന്ന് ഞാന്‍ അത്രയും വലിയ എഫേര്‍ട്ട് എടുത്തിട്ട് ആളുകള്‍ അറിയുന്നില്ലല്ലോ എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. സിനിമ കാണുമ്പോള്‍ ആളുകള്‍ക്കുണ്ടാകുന്ന അയ്യോ എന്ന തോന്നലാണല്ലോ സിനിമക്ക് ആവശ്യം. അതുകൊണ്ടാണ് സ്റ്റില്‍ പുറത്ത് വിടാത്തത്. ശരിക്കും പറഞ്ഞാല്‍ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സായിരുന്നു അത്. അവസാനം ആയപ്പോള്‍ ഏതാണ്ട് പൂര്‍ണമായിട്ട് ഭക്ഷണമൊക്കെ ഒഴിവാക്കിയിരുന്നു.

ശരിക്കും പറഞ്ഞാല്‍ അത് വല്ലാത്തൊരു അവസ്ഥയാണ്. ആരും അങ്ങനെ ചെയ്യാന്‍ പാടില്ല. അന്ന് സെറ്റിലൊരു ഡോക്ടറൊക്കെ ഉണ്ടായിരുന്നു. ഇനി മറ്റൊരു സിനിമക്ക് വേണ്ടി എന്നെ ഞാന്‍ പുഷ് ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഇല്ലായെന്നാണ് എന്റെ മറുപടി. ലോങ് റണ്ണില്‍ അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

content highlight: prithviraj about aadujeevitham movie