national news
നബിദിനത്തില്‍ ഈദ് മുബാറക്ക് നേര്‍ന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 09, 09:44 am
Sunday, 9th October 2022, 3:14 pm

ന്യൂദല്‍ഹി: നബിദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും സമയമായി ഇതിനെ കാണണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മീലാദ്-ഉന്‍-നബി ആശംസകള്‍. ഈ സന്ദര്‍ഭം നമ്മുടെ സമൂഹത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം വര്‍ധിപ്പിക്കട്ടെ. ഈദ് മുബാറക്(blessed feast/festival),’ എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12(അറബിമാസം) നബിദിനമായി ഇസ്‌ലാം മത വിശ്വാസികള്‍ ആചരിക്കുന്നത്.

കേരളത്തിലും മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. കൊവിഡ് ഭീതി അകന്നതോടെ വിപുലമായി രാജ്യത്തിന്റെ പലഭാഗങ്ങളിലും സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. യു.എ.ഇ, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്നലെയായിരുന്നു നബിദിനം.