കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ഫോട്ടോ നീക്കി
national news
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ഫോട്ടോ നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2024, 10:55 am

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കി ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലുടനീളം ഉപയോഗിച്ച കൊവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന നിര്‍മാണ കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം.

എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കം ചെയ്തതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിശദീകരണം.

‘ഇന്ത്യ ഒരുമിച്ച് കൊവിഡ്-19നെ പരാജയപ്പെടുത്തും,’ എന്നെഴുതിയതിനോടപ്പം സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രവും മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയുടെ വിവരങ്ങളോടപ്പം ഈ ഉദ്ധരണി മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ അവശേഷിക്കുന്നത്.

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്യുന്നത് ആദ്യമായെല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിന്‍വലിച്ചിരുന്നതായി ദി പ്രിന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി.

നേരത്തെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നല്‍കുന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വിമര്‍ശനങ്ങളെ തള്ളിക്കളയുകയായിരുന്നു.

അതേസമയം കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയുണ്ടായി.

Content Highlight: Prime Minister Narendra Modi’s photo has been removed from the covid vaccination certificate