ഷില്ലോങ്: മേഘാലയയില്‍ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ച്ചയെ ജനം തള്ളിക്കളയുമെന്നും പകരം ജനങ്ങളുടെ സര്‍ക്കാറിനെ അധികാരത്തിലേറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ ഇലക്ഷനോടനുബന്ധിച്ച് നടന്ന ബി.ജെ.പി റാലിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
കുറച്ച് ആളുകള്‍ തന്റെ ശവക്കുഴി (കബര്‍) തോണ്ടാന്‍ കാത്തിരിക്കുകയാണ്, പക്ഷെ ജനങ്ങള്‍ തന്റെ താമര (കമല്‍)വിരിയാനാണ് കാത്തിരിക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ പ്രസ്താവന മുന്‍നിര്‍ത്തിയാണ് മോദിയുടെ പരാമര്‍ശം.
‘ഈ രാജ്യത്തെ ജനങ്ങള്‍, എന്നേ കൈയ്യൊഴിഞ്ഞ ചിലയാളുകള്‍ മോദിക്ക് ശവക്കുഴി തോണ്ടാന്‍ കാത്തിരിക്കുകയാണ്. ഇവര്‍ക്ക് രാജ്യത്തെ ജനങ്ങള്‍ വോട്ട് കൊണ്ട് മറുപടി പറയും.
ഈ നാട്ടിലെ ജനങ്ങള്‍ എല്ലാ കാലത്തും ഞങ്ങള്‍ക്കൊപ്പമാണ്. ‘മോദീ നിങ്ങളുടെ താമര വിരിയു’മെന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ രാജ്യത്തെ മുക്കിലും മൂലയിലും താമര വിരിയാനാണ് അവര്‍ കാത്തിരിക്കുന്നത്. മേഘാലയക്ക് കുടുംബ സര്‍ക്കാരല്ല വേണ്ടത്, ജനങ്ങളുടെ സര്‍ക്കാരാണ്,’ മോദി പറഞ്ഞു.
പബ്ലിക് റാലിക്ക് ശേഷം റോഡ് ഷോയും നടത്തിയ പ്രധാനമന്ത്രി മേഘാലയയിലെ സ്വാതന്ത്ര്യ സമര നേതാക്കളുടെ സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തി.
#WATCH | Some people who have been rejected by the country are immersed in sadness and are now saying ‘Modi teri kabar khudegi’ but the people of the country are saying ‘Modi tera kamal khilega’: PM Narendra Modi, in Shillong pic.twitter.com/ZfyKaPg2F9
ഫെബ്രുവരി 27ന് നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിനായി വലിയ രീതിയിലുള്ള പ്രചരണ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസും, ബി.ജെ.പിയുമടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ഇത്തവണ മത്സര രംഗത്തുണ്ട്.
നേരത്തെ രാഹുല്‍ ഗാന്ധിയും മേഘാലയയില്‍ പ്രചരണ റാലി സംഘടിപ്പിച്ചിരുന്നു. ബി.ജെ.പിയെയും, ആര്‍.എസ്.എസിനെയും കടന്നാക്രമിച്ച രാഹുല്‍ വര്‍ഗീയ രാഷ്ട്രീയത്തെ പരസ്പര സ്‌നേഹം കൊണ്ട് പ്രതിരോധിക്കാനും ആഹ്വാനം ചെയ്തിരുന്നു. കൂട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്നും ആരോപിച്ചിരുന്നു.
മേഘാലയയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 19 സീറ്റുകളും കോണ്‍ഗ്രസ് 21 സീറ്റുകളുമാണ് നേടിയത്. ബി.ജെ.പി, യു.ഡി.പി, മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുടെ പിന്തുണയോടെ എന്‍.പി.പിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് അധികാരത്തിലേറി. എന്നാല്‍ ഇത്തവണ എന്‍.പി.പിയും ബി.ജെ.പിയും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം.
Content Highlight: Prime minister addressing meghalaya election rally