ന്യൂദല്‍ഹി: ദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാര്‍ച്ച് 15നകം ദ്വീപില്‍ നിയോഗിച്ചിട്ടുള്ള 77 സൈനികരെയും പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുഹമ്മദ് മുയിസവും പ്രസിഡന്റിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അബ്ദുല്ല നസിം ഇബ്രാഹിം അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് മാര്‍ച്ച് 15നകം സൈനികരെ പിന്‍വലിക്കണമെന്ന തീരുമാനമുണ്ടായത്. ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനായി നടത്തുന്ന 12-ാമത്തെ യോഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നതും ഇന്ത്യയുടെ പിന്തുണയോട് കൂടി രാജ്യത്തെ വികസന പദ്ധതികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മാലിദ്വീപ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവാര്‍, ഇന്ത്യന്‍ മിഷനിലെ സൈനിക ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മാലിദ്വീപിനെ പ്രതിനിധീകരിച്ച് പ്രതിരോധ സേനാ മേധാവി മേജര്‍ ജനറല്‍ അബ്ദുള്‍ റഹീം ലത്തീഫ്, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസിഡര്‍ അലി നസീര്‍ മുഹമ്മദ്, ഇന്ത്യയിലെ മാലിദ്വീപ് പ്രതിനിധി ഇബ്രാഹിം ഷഹീബ് അടക്കമുള്ളവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ മാലിദ്വീപിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ അയക്കുന്നതിനുള്ള പദ്ധതികള്‍ ശക്തമാക്കണമെന്ന് ചൈനയോട് പ്രസിഡന്റ് മുഹമ്മദ് മുയിസു അഭ്യര്‍ത്ഥിച്ചിരുന്നു. ചൈന തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നും മാലിദ്വീപിന്റെ വികസനത്തില്‍ വലിയൊരു പങ്ക് ചൈനക്കുണ്ടെന്നും മുയിസു പറഞ്ഞിരുന്നു.
സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനായുള്ള 50 മില്യണ്‍ വരുന്ന യു.എസ് ഡോളറിന്റെ പദ്ധതിയില്‍ മാലിദ്വീപും ചൈനയും ഒപ്പുവെച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: President of Maldives has demanded the withdrawal of Indian troops from the island by March 15