മിമിക്രിക്കാർ പറയുന്ന പോലെ ഇപ്പോൾ അത് പറഞ്ഞില്ലെങ്കിൽ ഇത് പ്രേംകുമാർ അല്ലെന്ന് ആളുകൾ പറയും: പ്രേംകുമാർ
എന്റര്ടെയിന്മെന്റ് ഡെസ്ക്
Thursday, 11th January 2024, 3:24 pm
ഒരുകാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് പ്രേംകുമാർ. താരത്തിന്റെ പല ഡയലോഗുകളും മലയാളികൾ ഇന്നും ഓർത്തിരിക്കുന്നതാണ്.
പുതുകോട്ടയിലെ പുതുമണവാളൻ, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങിയ ചിത്രങ്ങൾ വലിയ രീതിയിൽ സ്വീകരിക്കപ്പെടാൻ പ്രേംകുമാറിന്റെ തമാശകൾ വലിയ രീതിയിൽ സഹായിച്ചിരുന്നു. ഈ ചിത്രങ്ങളിലെയെല്ലാം ജയറാം- പ്രേംകുമാർ കോമ്പോ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ ചിത്രത്തിൽ തന്റെ അമ്മാവൻമാരെ പ്രേകുമാർ ‘അമ്മാവാ’യെന്ന് ഒരു പ്രത്യേകരീതിയിൽ വിളിക്കുന്നത് ഇന്നും മലയാളികൾ മറക്കാനിടയില്ല. എന്നാൽ അത് ഈ തരത്തിൽ സ്വീകരിക്കപ്പെടാൻ കാരണം മിമിക്രി കലാകാരൻമാരാണെന്ന് പ്രേംകുമാർ പറയുന്നു.
സിനിമയിൽ താനത് വലിയ രീതിയിൽ പറഞ്ഞിട്ടില്ലെന്നും അത് പോപ്പുലറാക്കിയത് മിമിക്രിക്കാരാണെന്നും പ്രേം കുമാർ പറയുന്നു. ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശരിക്കും ആ സിനിമയിൽ അത്ര വലുതായി ഞാൻ വിളിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ പ്രിയപ്പെട്ട മിമിക്രി കലാകാരൻമാരണ് അതിനെ പറഞ്ഞ് പറഞ്ഞ് ഇത്രയും പോപ്പുലർ ആക്കിയത്.
ആ സിനിമയിൽ രണ്ട് അമ്മാവൻമാരുടെ അനന്തരവനായിട്ടുള്ള വേഷമാണ്. വല്യമ്മാവാ ചെറിയമ്മാവ എന്നൊക്കെ ചെറുതായിട്ട് ഞാൻ വിളിച്ചിട്ടുണ്ട്. മിമിക്രി കലാകാരൻമാർ വിളിക്കുന്ന പോലെ ഇപ്പോൾ ഞാൻ വിളിച്ചില്ലെങ്കിൽ അത് പ്രേംകുമാർ അല്ലെന്ന് പറയും.
സിനിമയിൽ ഇത്ര നന്നായിട്ട് ഞാൻ വിളിച്ചിട്ടില്ല എന്നതാണ് സത്യം,’പ്രേം കുമാർ പറയുന്നു.
Content Highlight: Premkumar Talk About His Dailogue In Aniyanbhava Chettanbhava Movie