വരുന്ന സീസണില്‍ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും നെയ്മര്‍ ജൂനിയറും പി.എസ്.ജിയില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സീസണിന്റെ അവസാനത്തോടെ കരാര്‍ അവസാനിച്ചുകൊണ്ടാണ് മെസി പി.എസ്.ജി വിടുന്നതെങ്കില്‍ ക്ലബ്ബില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളാണ് പി.എസ്.ജി വിടാന്‍ നെയ്മറെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2025 വരെയാണ് പാരീസിയന്‍ ക്ലബ്ബുമായി നെയ്മര്‍ക്ക് കരാറുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്ക് മൂലം ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ക്ക് സീസണില്‍ അവശേഷിച്ച മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു.
വിശ്രമിക്കാനെന്ന പേരില്‍ അവധിയെടുത്ത നെയ്മര്‍ നാട്ടില്‍ ഉല്ലസിച്ച് നടക്കുകയാണെന്ന് ആരോപിച്ച് പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീട്ടുമുറ്റത്ത് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പി.എസ്.ജി മാനേജ്‌മെന്റ് ഇടപെട്ട് നെയ്മര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തുകയുമായിരുന്നു.
നെയ്മര്‍ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുമെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയും ട്വീറ്റ് ചെയ്തിരുന്നു. വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും സീസണിന്റെ അവസാനത്തോടെ ഒത്തുതീര്‍പ്പാകുമെന്നുമാണ് റൊമാനോയുടെ ട്വീറ്റ്.
ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മെസിയെയും നെയ്മറെയും സൈന്‍ ചെയ്യിക്കാന്‍ ഒരുങ്ങുകയാണെന്നും ഇരുവരും ഓള്‍ഡ് ട്രാഫോഡില്‍ ഒരുമിച്ച് ബൂട്ടുകെട്ടുമെന്നാണ് റിപ്പോര്‍ട്ട്.
നെയ്മറെ ലോണ്‍ അടിസ്ഥാനത്തില്‍ ക്ലബ്ബിലെത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നതെന്നും താരത്തിന്റെ മുഴുവന്‍ വേതനവും ഏറ്റെടുക്കാന്‍ ക്ലബ്ബ് തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഒരു ക്ലീന്‍ ബ്രേക്കിനാണ് യുണൈറ്റഡ് താത്പര്യപ്പെടുന്നതെന്നും സാധ്യമെങ്കില്‍ സ്ഥിര കളിക്കാരനായി താരത്തെ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, പി.എസ്.ജി വിട്ട് ഫ്രീ ഏജന്റാകുന്ന മെസിയെ മറ്റ് തടസങ്ങളൊന്നുമില്ലാതെ സ്വന്തമാക്കാന്‍ യുണൈറ്റഡിന് സാധിക്കും. ഇരുതാരങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വരുന്ന സീസണില്‍ ക്ലബ്ബിന്റെ മുന്‍ നിരയിലേക്ക് മെസിയെയും നെയ്മറെയും ഇറക്കാനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യമിടുന്നത്.