ഭക്ഷ്യ വിഷബാധയല്ല; അഞ്ജുശ്രീയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala News
ഭക്ഷ്യ വിഷബാധയല്ല; അഞ്ജുശ്രീയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th January 2023, 6:18 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്വദേശി അഞ്ജുശ്രീ പാര്‍വതി മരിച്ചത് ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം കാരണം വിഷം ഉള്ളില്‍ ചെന്നാണെങ്കിലും ഭക്ഷണത്തില്‍ നിന്നല്ല വിഷമുള്ളില്‍ ചെന്നതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏത് വിഷമാണെന്നറിയാന്‍ വിശദമായ രാസ പരിശോധനാ ഫലം നടത്തേണ്ടതുണ്ട്. കരളടക്കമുള്ള എല്ലാ ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം അഞ്ജുശ്രീയുടെ മരണം. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചപ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആദ്യം കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പെണ്‍കുട്ടിക്കൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യ വിഷബാധയേറ്റുന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ ഭക്ഷണം വാങ്ങിയ അല്‍ റൊമന്‍സിയ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

Content Highlight: preliminary post-mortem report says Anjushree Parvathy, a native of Kasaragod, died of food poisoning,