തിരുവനന്തപുരം: കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരേയും സര്‍ക്കാറിനെതിരേയും പി.കെ ബഷീര്‍ എം.എല്‍.എ.
സംഭവത്തിന്റെ ഉത്തരവാദിത്തം മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ തല തിരിഞ്ഞ കൊവിഡ് നയങ്ങളും, അത് വളച്ചൊടിച്ച് ഉത്തരവാദിത്തം മറക്കുന്നവരും ചേര്‍ന്ന് നടത്തിയ നിഷ്ഠൂര കൊലപാതകമാണിതെന്ന് പി.കെ ബഷീര്‍ ആരോപിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ പലവട്ടം പരാതികള്‍ ഉയര്‍ന്നതാണ്. ചൂണ്ടിക്കാട്ടിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്, അദ്ദേഹം പറഞ്ഞു. ഏതാനും നാള്‍ മുമ്പ് മാസം തികയാതെ ജനിച്ച കുട്ടി മൂന്നാഴ്ച്ചയ്ക്ക് ശേഷം മരിച്ചപ്പോള്‍ കൊവിഡ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും മോശം പെരുമാറ്റമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടയാതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബഷീര്‍ പറയുന്നു.
”ആ കുഞ്ഞുങ്ങളെ നിങ്ങള്‍ കൊന്നതാണ്…ഈ യാഥാര്‍ഥ്യം എന്നും നിങ്ങളുടെ മുന്നില്‍ തെളിഞ്ഞു നില്‍ക്കും. ഇത് നിങ്ങളെ വേട്ടയാടിക്കൊണ്ടേ യിരിക്കും ഹൃദയം പൊട്ടി കരഞ്ഞപേക്ഷിച്ചില്ലേ ആ മാതാപിതാക്കള്‍. പന്തു തട്ടുന്നത് പോലെ നിങ്ങള്‍ തട്ടി കളിച്ചതാണ്.. പൂര്‍ണ്ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ആ പിഞ്ചു കുഞ്ഞുങ്ങളെ നിങ്ങള്‍ കൊന്നതാണ്.. അവരുടെ ജീവനെയാണ് അറുത്ത് മാറ്റിയത്. ചേതനയറ്റ ആ കുഞ്ഞുമുഖങ്ങള്‍ അവര്‍ക്കെങ്ങനെ മറക്കാനാവും? ആ കണ്ണീരിന് സമാധാനം പറഞ്ഞേ മതിയാവു,” അദ്ദേഹം പറഞ്ഞു.
ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ വന്‍ ജനകീയ പ്രക്ഷോഭമാകും മെഡിക്കല്‍ കോളേജ് കാണുക എന്നും പി.കെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
കിഴിശ്ശേരി സ്വദേശി സഹ്ലയുടെ ഇരട്ടക്കുട്ടികളാണ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ഇവിടെ നിന്നും ചികിത്സ ലഭിച്ചില്ല. കൊവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണകളെ മാത്രമാണ് ഇവിടെ ചികിത്സിക്കുന്നെന്ന് പറഞ്ഞ് ഇവരെ ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.
പിന്നീട് അഞ്ച് ആശുപത്രികളിലാണ് ഇവര്‍ക്ക് കയറിയിറങ്ങേണ്ടി വന്നത്. കൊവിഡിന്റെ ആര്‍.ടി പി.സി.ആര്‍ ഫലം വേണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. പി.സി.ആര്‍ ടെസ്റ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ച് ലാബുകളിലൂടെയും ഗര്‍ഭിണിയുമായി കുടുംബത്തിന് സഞ്ചരിക്കേണ്ടി വന്നു. കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിച്ചില്ല.
എന്നാല്‍ ഗര്‍ഭിണി ആവശ്യപ്പെട്ടത് കൊണ്ടാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഇവരെ വിട്ടയച്ചതെന്നാണ് ആരോഗ്യമന്ത്രി സംഭവത്തില്‍ പ്രതികരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഇങ്ങനെയാണ് വിവരം ലഭിച്ചതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക