മാള: പുഴകളുടെ സ്വഭാവികത തകര്‍ത്ത് കൊടുങ്ങല്ലൂരിന്റേയും മാളയുടേയും സമീപ പ്രദേശങ്ങളില്‍ ചെമ്മീന്‍ കെട്ടുകളും മീന്‍ കെട്ടുകളും വ്യാപകമായി വര്‍ധിക്കുന്നു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനും മാളയ്ക്കുമിടയില്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് കെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കെട്ടുകളില്‍ മിക്കതും പുഴകളുടെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞാണ് നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍ നടപടിയൊന്നും ഇല്ലെന്ന് പ്രാദേശികവാസികള്‍ വിലയിരുത്തുന്നു.
മഹാപ്രളയസമയത്ത് മാളക്ക് ഇടയിലുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയപ്പോള്‍ ഇറങ്ങാന്‍ സമയം ഒരുപാട് എടുത്തിരുന്നു. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ബുദ്ധിമുട്ടാണ് ഇതിന് വഴിയൊരുക്കിയത്. ഇതിന് കാരണം പുഴയുടെ സ്വാഭാവികത തകര്‍ത്തതും കണ്ടല്‍ കാടുകളും വെട്ടിയുമുള്ള ചെമ്മീന്‍ കെട്ടുകളുടേയും മീന്‍ കെട്ടുകളുടേയും നിര്‍മാണമാണെന്ന് ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കൊടുങ്ങല്ലൂരിന്‍ നിന്ന് മാളയിലേക്ക് 25 കിലോമീറ്റര്‍ ദൂരമാണുള്ളത്. കൊടുങ്ങല്ലൂര്‍ കനാലിന്റെ ഭാഗമായി നിരവധി കൈവഴികള്‍ കൊമ്പത്തുകടവ്, പുത്തന്‍ചിറ, കരൂപടന്ന, കടലായി എന്നിവടങ്ങളിലൂടെ ഒഴുകുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ ഓരോ വര്‍ഷം കഴിയും തോറും കെട്ടുകളുടെ എണ്ണവും വര്‍ധിക്കുന്നതായി പ്രദേശവാസിയായ അക്ബര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. പലരും കെട്ട് നിര്‍മിക്കുമ്പോള്‍ അരികില്‍ ചിറ നിര്‍മാണത്തിനായി കണ്ടല്‍ കാടുകള്‍ വെട്ടിനശിപ്പിക്കുന്നുണ്ടെന്നും അക്ബര്‍ പറഞ്ഞു. എന്നാല്‍ ഇത് കുറഞ്ഞ അളവില്‍ ആയതിനാലാണ് അധികൃതര്‍ ശ്രദ്ധ കൊടുക്കാത്തതെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം കെട്ടുകള്‍ പുഴകളുടെ സ്വാഭാവികതയെ തകര്‍ക്കുമെന്നതില്‍ തര്‍ക്കമില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ സുനില്‍ മാഷ് ഡൂള്‍ ന്യൂസിനോട് വിശദീകരിച്ചു. പലയിടങ്ങളിലും തോടുകളുടെ നീരൊഴുക്കിന്റെ ഗതി തിരിച്ചാണ് കെട്ടുകള്‍ നിര്‍മിച്ചിട്ടുള്ളത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വലുതാണ്. ഇനിയൊരു പ്രളയമുണ്ടായാല്‍ ഇത്തരത്തിലുള്ള ചെമ്മീന്‍ കെട്ടുകള്‍ വലിയ വെല്ലുവിളിയാകുമെന്നാണ് സുനില്‍ മാഷിന്റെ വിലയിരുത്തല്‍.
അതേസമയം കെട്ടുകള്‍ സ്വകാര്യസ്ഥലത്തായതിനാല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍. പുഴയോട് ചേര്‍ന്നുള്ള പാടങ്ങളില്‍ ആഴം കൂട്ടിയും വലിയ തോടുകള്‍ കൃത്രിമമായി നിര്‍മിച്ചുമാണ് കെട്ടുകളുടെ നിര്‍മാണം. സ്വകാര്യ സ്ഥലത്ത് പുഴ കയ്യേറാതെയുള്ള നിര്‍മാണം ആയതിനാലാണ് നിയമനടപടി സ്വീകരിക്കാത്തതെന്ന് പ്രദേശിക അധികാരികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അതേസമയം ഇവയുടെ നിര്‍മാണം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ട് വന്നാല്‍ നിയമം മൂലം തടയാനാകുമെന്നും പ്രാദേശിക അധികാരികള്‍ ഡൂള്‍ ന്യൂസിനോട് വ്യക്തമാക്കി.
എന്നാല്‍ പാടത്തിന്റെ ആഴം കൂട്ടുന്നത് പുഴകളുടെ കൈവഴികളെ പ്രതികൂലമായാണ് ബാധിക്കുന്നത്. കരൂപ്പടന്നയില്‍ കഴിഞ്ഞ വേനല്‍ കാലത്ത് കൈവഴികളെല്ലാം വറ്റിവരണ്ടതിന് ഒരുകാരണം കെട്ടുകളുടെ വര്‍ധനവാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
പാടങ്ങളെല്ലാം മുറിച്ച് ചെമ്മീന്‍ കെട്ടുകളാക്കുന്നത് മറ്റുകൃഷികളേയും ബാധിച്ചിട്ടുണ്ട്. പുത്തന്‍ചിറ, നെടുങ്ങാണം എന്നീ പ്രദേശങ്ങളില്‍ വിവിധ കൃഷിക്കായി ഉപയോഗിക്കാവുന്ന പാടങ്ങളാണ് ചെമ്മീന്‍ കെട്ടുകളായി മാറിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ചെമ്മീന്‍ കൃഷിയിലൂടെ ലഭിക്കുന്ന വന്‍ലാഭമാണ് കര്‍ഷകരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും പഞ്ചായത്ത് വിലയിരുത്തുന്നു .
ALSO READ: പ്രളയശേഷം മണ്ണിന് പോഷക വ്യതിയാനം; കര്‍ഷകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്
5 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഒരു ചെമ്മീന്‍ കെട്ടിന്റെ മുതല്‍ മുടക്ക്. കൃത്യമായ പരിചരണം നല്കിയാല്‍ ഒരു വര്‍ഷത്തിനകം ഒരു ഏക്കറില്‍ 30-40 ലക്ഷം വരെ ലാഭമുണ്ടാകുമെന്ന് കര്‍ഷകനായ ഇസ്മായില്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഏകദേശം 10 വര്‍ഷം മുമ്പാണ് ചെമ്മീന്‍ കെട്ടെന്ന ആശയം കൊടുങ്ങല്ലൂരിന്റെ സമീപ പ്രദേശങ്ങളില്‍ വ്യാപകമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിക്ക് ദോഷമാകില്ലേ ഇത്തരം കൃഷികളെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. കാരണം ഇത്തരം കെട്ടുകള്‍ നിര്‍മിക്കുന്നത് ശാസ്ത്രീയമായിട്ടാണെന്നും യാതൊരു കാരണവശാലും പുഴയുടെ സ്വാഭാവികതയെ തകര്‍ക്കില്ലെന്നും ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
കൊള്ളലാഭത്തിനായി പ്രകൃതിയുടെ സ്വാഭാവികത തകര്‍ക്കപ്പെടുന്നുവെന്നാണ് പരിസ്ഥിതി പ്രവര്ത്ത്കര്‍ ഉന്നയിക്കുന്ന വാദം. പാടങ്ങളില്‍ കൃഷി ഇറക്കുന്നതിന്റെ മറവില്‍ സ്വകാര്യ സ്ഥലങ്ങളിലെ ചെറുതോടുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. മാത്രമല്ല ചെമ്മീന്‍ കെട്ടിനായി തോടിനോടും പാടങ്ങളോടും ചേര്ന്ന് കിടക്കുന്ന കണ്ടല്ക്കാ ടുകള്‍ വെട്ടിനശിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
മുമ്പ് ഈ പ്രദേശം പാടമായിരുന്നു. തോടും ഉണ്ടായിരുന്നു. ഞങ്ങള്‍ ക്രക്കറ്റ് കളിക്കുമ്പോ കണ്ടല്‍കാടുകളില്‍ പോയി പന്ത് നഷ്ടമായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ചെമ്മീന്‍ കൃഷിക്കായി പാടം ആഴം കൂട്ടിയപ്പോള്‍ കണ്ടല്‍കാടുകളും വെട്ടിനശിപ്പിച്ചെന്ന് കരൂപ്പടന്ന നിവാസികള്‍ പറയുന്നു.
ഇത് കരൂപ്പടന്നയുടെ മാത്രം അവസ്ഥയല്ല. ചെമ്മീന്‍ കെട്ടുകള്‍ സുരക്ഷിതമായി സംരക്ഷിക്കാന്‍ കണ്ടല്‍കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
ചെമ്മീന്‍ കെട്ടുകളിലെ കൃഷി ലാഭക്കൊതിയന്മാരുടെ കൃഷിയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകകരുടെ നിരീക്ഷണം. ഗ്രാമങ്ങളില്‍ അധികൃതരുടെ കണ്ണില്‍പെടാതെ പരിസ്ഥിതി നശീകരണം വ്യാപകമായി നടക്കുന്നുണ്ടെന്ന് കൊടുങ്ങല്ലൂരിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നടപടി ഇനിയെങ്കിലും വേണമെന്ന നിലപാടിലാണിവര്‍.
എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിച്ചപ്പോള്‍ കൃതയമായ മറുപടി ലഭിച്ചില്ല. പരാതി ലഭിച്ചിട്ടില്ലെന്നും അങ്ങനെ ലഭിച്ചാല്‍ നടപടി സ്വീകരിക്കാമെന്നുമാണ് അധികൃതരുടെ നിലപാട്