ആ കാര്യത്തില്‍ ഉര്‍വശിയമ്മയും മോഹന്‍ലാലുമൊക്കെ ഒരു പോലെയാണ്: പ്രശാന്ത് മുരളി
Entertainment
ആ കാര്യത്തില്‍ ഉര്‍വശിയമ്മയും മോഹന്‍ലാലുമൊക്കെ ഒരു പോലെയാണ്: പ്രശാന്ത് മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd July 2024, 9:31 pm

കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു പ്രശാന്ത് മുരളിയുടേത്. ചിത്രത്തില്‍ ഉര്‍വശിയുടെ മകനായ തോമസുകുട്ടി ആയിട്ടാണ് പ്രശാന്ത് എത്തിയത്.

ഉള്ളൊഴുക്കിന്റെ ലൊക്കേഷനില്‍ ഷൂട്ടിങ്ങ് സമയത്ത് കോമഡിയും ഫണ്‍ സീക്വന്‍സുമൊക്കെ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് താരം. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് മുരളി. ഉര്‍വശിയും മോഹന്‍ലാലുമൊക്കെ ഏകദേശം ഒരു പോലെയാണെന്നും താരം പറയുന്നു. ഇവര്‍ ഷോട്ടിന് തൊട്ടുമുമ്പ് വരെ തമാശ പറഞ്ഞ് പൊട്ടിചിരിക്കുന്നുണ്ടാകുമെന്നും പിന്നെ പെട്ടെന്നാകും മാറ്റമെന്നും പ്രശാന്ത് മുരളി കൂട്ടിച്ചേര്‍ത്തു.

‘ലൊക്കേഷനില്‍ കോമഡിയും ഫണ്‍ സീക്വന്‍സും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ഉര്‍വശിയമ്മയും മോഹന്‍ലാലുമൊക്കെ ഏകദേശം ഒരു പോലെയാണ്. ഇവര്‍ ഷോട്ടിന് തൊട്ട് മുമ്പ് വരെ തമാശ പറഞ്ഞ് പൊട്ടിചിരിക്കുന്നുണ്ടാകും. അത് കഴിഞ്ഞ് പിന്നെ ഒരൊറ്റ മാറ്റമാണ്,’ പ്രശാന്ത് മുരളി പറഞ്ഞു.

ഉള്ളൊഴുക്കിലെ മോര്‍ച്ചറി സീന്‍ ചെയ്യാന്‍ താന്‍ തയ്യാറായിട്ടും മറ്റുള്ളവര്‍ തടസം നിന്നതിനെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നു. ഉര്‍വശി ഉള്‍പ്പെടെയുള്ള ആളുകള്‍ ഒരു കാരണവശാലും നടക്കില്ലെന്നും അതുവേണ്ടെന്നും പറഞ്ഞതോടെ തനിക്ക് പകരം മറ്റൊരാള്‍ ആ സീന്‍ ചെയ്യുകയായിരുന്നു എന്നും പ്രശാന്ത് മുരളി കൂട്ടിച്ചേര്‍ത്തു.

‘ആ സിനിമയില്‍ കണ്ട മോര്‍ച്ചറി സീന്‍ ചെയ്തിരിക്കുന്നത് ഞാനല്ല, മറ്റൊരാളാണ്. പ്രൊഡക്ഷന്‍ മാനേജ്മെന്റില്‍ ഉള്ള ആരോ ആണ് ആ സീന്‍ ചെയ്തിരിക്കുന്നത്. ആരാണെന്ന് എനിക്ക് കൃത്യമായ ഓര്‍മയില്ല. അയാളുടെ ഫേസൊക്കെ മൂടിയിട്ടാണ് അതിനകത്തേക്ക് കയറ്റുന്നത്. ഞാനാണ് അഭിനയിക്കുന്നതെങ്കില്‍ മോര്‍ച്ചറിയിലേക്ക് കയറ്റുമ്പോള്‍ എന്റെ ഫേസ് കാണിക്കുമായിരുന്നു.

ഞാനായിരുന്നു ചെയ്യുന്നതെങ്കില്‍ ക്രിസ്റ്റോയുടെ മനസിലെ ആ കഥാപാത്രത്തിന് കുറച്ചുകൂടെ ഇമ്പാക്റ്റ് ഉണ്ടാകുമായിരുന്നു. പക്ഷെ ആരും ആ മോര്‍ച്ചറി സീന്‍ ചെയ്യാന്‍ എന്നെ സമ്മതിച്ചില്ല. ഉര്‍വശിയമ്മയൊക്കെ തടസം നിന്നു. ഒരു കാരണവശാലും നടക്കില്ല, അതുവേണ്ട എന്ന രീതിയിലാണ് പറഞ്ഞത്. മോര്‍ച്ചറിയുടെ അകത്ത് എന്തൊക്കെ അസുഖങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് പറയാന്‍ പറ്റില്ലല്ലോ,’ പ്രശാന്ത് മുരളി പറഞ്ഞു.


Content Highlight: Prashanth Murali Talks About Mohanlal And Urvashi