ന്യൂദല്‍ഹി: ഇന്ത്യയിലെ വായു മലിനമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹാസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലായിരുന്നു ഭൂഷണിന്റെ പരിഹാസം.
‘മോദിജി, നിങ്ങളുടെ സുഹൃത്ത് ഡോളണ്ട് ട്രംപ് ഇന്ത്യയെക്കുറിച്ച് എന്താണ് പറയുന്നത് നോക്കൂ? സ്വച്ഛ് ഭാരത്?’, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡോളണ്ട് ട്രംപ് എന്നായിരുന്നു മോദി അഭിസംബോധന ചെയ്തിരുന്നത്.
Modiji, look at what your phriend Doland Trump is saying about India? Swatch Bharat? pic.twitter.com/htG7gJLRBQ
— Prashant Bhushan (@pbhushan1) October 23, 2020
ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു അങ്ങേയറ്റം മലിനമാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ, പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് പിന്‍മാറുന്നതിനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന.
‘ചൈനയിലേക്ക് നോക്കൂ. എത്ര മലിനമാണത്. റഷ്യയിലേക്ക് നോക്കൂ, ഇന്ത്യയിലേക്ക് നോക്കൂ. വായു മലിനമാണ്. ട്രില്യന്‍ കണക്കിനു ഡോളര്‍ ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് നമ്മള്‍ പാരിസ് ഉടമ്പടിയില്‍നിന്ന് പിന്മാറിയത്. ‘ ട്രംപ് പറഞ്ഞു. പാരിസ് ഉടമ്പടി മൂലം ദശലക്ഷക്കണക്കിനു തൊഴിലവസരങ്ങളും ആയിരക്കണക്കിനു കമ്പനികളും ഇല്ലാതാക്കാന്‍ താനില്ലെന്നും അത് അന്യായമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്‌പെറും ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപിന്റെ പരാമര്‍ശം.
പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ രണ്ടാം തവണയാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ പരാമര്‍ശം നടത്തുന്നത്. ആദ്യ സംവാദത്തില്‍, ഇന്ത്യയുടെ കൊവിഡ് നിയന്ത്രണ വാദങ്ങളെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. നിങ്ങള്‍ കണക്കുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ എത്ര പേര്‍ ചൈനയില്‍ മരിച്ചുവെന്ന് അറിയില്ല. റഷ്യയില്‍ എത്ര പേര്‍ മരിച്ചുവെന്നും ഇന്ത്യയില്‍ എത്ര പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും നിങ്ങള്‍ക്ക് അറിയില്ല. കൃത്യമായ കണക്ക് അല്ല അവര്‍ നല്‍കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashanth Bhusan Donald Trump India Flithy Comment Narendra Modi