സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും അത് പത്രങ്ങളില്‍ മാത്രം ഒതുങ്ങിയെന്ന് മോദി; പഴയ പ്രസംഗം കുത്തിപ്പൊക്കി പ്രശാന്ത് ഭൂഷണ്‍
national news
സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും അത് പത്രങ്ങളില്‍ മാത്രം ഒതുങ്ങിയെന്ന് മോദി; പഴയ പ്രസംഗം കുത്തിപ്പൊക്കി പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th December 2020, 10:25 pm

ന്യൂദല്‍ഹി: 2014ലെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി പഞ്ചാബിലെ ഫത്തേ റാലിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ച വാക്കുകള്‍ ട്വീറ്റ് ചെയ്ത് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. വാഹ് മോദിജി വാഹ്! എന്ന് എന്ന് ട്വീറ്റ് ചെയ്ത് കൊണ്ട് മോദി പണ്ട് പറഞ്ഞ വാക്കുകള്‍ അദ്ദേഹം പങ്കുവെച്ചത്.

സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും അത് പത്രങ്ങളില്‍ മാത്രം ഒതുങ്ങി. നമ്മുടെ കര്‍ഷകരുടെ നാശം തടയാന്‍ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ മാറ്റം അനിവാര്യമാണ് എന്ന മോദിയുടെ വാക്കുകളാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. 2014ല്‍ പഞ്ചാബിലെ റാലിയില്‍ യു.പി.എ സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യ കൊണ്ട് വരണമെന്നും ഏക്കര്‍ കണക്കിന് ഉത്പാദനം വര്‍ധിപ്പിക്കണമെന്നും അന്നത്തെ പ്രചരണ റാലിയില്‍ മോദി പറഞ്ഞിരുന്നു.

എന്നാല്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് ശക്തമായ കര്‍ഷക പ്രക്ഷോഭം നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ഇന്നും രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടിയെന്നും നിയമം നടപ്പാക്കുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നുമാണ് മോദി പറഞ്ഞത്.
ഇതിനിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചനയും മോദി നല്‍കിയിരുന്നു. ആഗ്രാ മെട്രോ റെയില്‍ പ്രോജക്ട് വെര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന വേളയില്‍
വികസനത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഇപ്പോള്‍ ഭാരമാകുന്നെന്നും മോദി പറഞ്ഞിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ നല്ലതിനായി ഉപയോഗിച്ചിരുന്ന പല നിയമങ്ങളും ഇപ്പോള്‍ ഭാരമാകുന്നുണ്ട്. പരിഷ്‌കാരങ്ങള്‍ തുടര്‍ച്ചയുള്ള പ്രവൃത്തിയാണെന്നും മോദി പറഞ്ഞിരുന്നു.

എന്നാല്‍ യാതൊരു വിധ ഒത്തു തീര്‍പ്പുകള്‍ക്കും തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan tweets Modis words about farmers in 2014