Natonal news
പ്രവര്‍ത്തനം നിലച്ച ഒരു സ്ഥാപനം കൂടി മരിച്ചതായി കണക്കാക്കാം; ജസ്റ്റിസ് അരുണ്‍ മിശ്രയെ മനുഷ്യവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 02, 02:06 am
Wednesday, 2nd June 2021, 7:36 am

ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്ഥാപനം ഇനി മുതല്‍ മരിച്ചതായി നമുക്ക് കണക്കാക്കാം എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യവകാശ കമ്മീഷന്റെ അടുത്ത ചെയര്‍പേഴ്‌സണ്‍ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച ഒരു സ്ഥാപനം പൂര്‍ണ്ണമായി മരിച്ചുവെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഇതാണ്,’ ഭൂഷണ്‍ ട്വിറ്ററിലെഴുതി.

കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു.

അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകും. ദേശീയ വനിതാ കമ്മീഷന്റെ അടുത്ത അധ്യക്ഷനായി രഞ്ജന്‍ ഗൊഗോയ് വന്നാല്‍ ആശ്ചര്യപ്പെടേണ്ടതില്ല, എന്നാണ് മഹുവ പരിഹസിച്ചത്.

ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ജസ്റ്റിസുമാരാണ് അരുണ്‍ മിശ്രയും രഞ്ജന്‍ ഗൊഗോയിയും. അരുണ്‍ മിശ്ര സര്‍വ്വീസിന്റെ അവസാനകാലത്ത് പുറപ്പെടുവിപ്പിച്ച വിധികളെല്ലാം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ലൈംഗികാരോപണം നേരിട്ട രഞ്ജന്‍ ഗോഗോയി ഇപ്പോള്‍ രാജ്യസഭാംഗമാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേര് കേന്ദ്ര സര്‍ക്കാറാണ് നിര്‍ദേശിച്ചത്.

സര്‍ക്കാര്‍ നിര്‍ദേശത്തോട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ രാജീവ് ജയിന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാകുമെന്നും സൂചനയുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം ഉടന്‍ പുറത്തിറങ്ങും.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെയാണ് യോഗം ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭ സ്പീക്കര്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇതില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഒഴികെയുള്ളവര്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്ന ശുപാര്‍ശ അംഗീകരിച്ചു.

ഏറ്റവും കൂടുതല്‍ മനുഷ്യവകാശ ലംഘനങ്ങള്‍ നടക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയാണെന്നും അതിനാല്‍ ആ വിഭാഗത്തില്‍പ്പെട്ട ആരെയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്നും മല്ലികാര്‍ജുന ഖാര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശത്തോടുള്ള വിയോജിപ്പ് ഖാര്‍ഗെ ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Prashant Bhushan Slams Centre On Appointment Of Arun Mishra As Human Rights Commission Chairman