ന്യൂദല്‍ഹി: നാര്‍ക്കോട്ടിക്‌സ് ബ്യൂറോ തലവന്‍ രാകേഷ് അസ്താന കേന്ദ്രത്തെ സഹായിച്ച് വീണ്ടും സി.ബി.ഐ ഡയറക്ടറാകാന്‍ ശ്രമിക്കുകയാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം നടക്കുന്ന സെപ്തംബര്‍ 25ന് തന്നെ ദീപിക പദുകോണിനെ ചോദ്യം ചെയ്യാന്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ നോട്ടീസ് അയച്ചത് വിഷയത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്ന് സൂചിപ്പിച്ച് രാജ്ദീപ് സര്‍ദേശായി പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുന്‍ സി.ബി.ഐ ഡയറക്ടറും നിലവിലെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഡയറക്ടറുമായ രാകേഷ് അസ്താന അമിത് ഷായുടെ ‘പ്രിയപ്പെട്ട കുട്ടിയാണെന്നും’ അവര്‍ (കേന്ദ്രം) അസ്താനയെ വീണ്ടും സി.ബി.ഐ തലപ്പത്തെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
‘നാര്‍ക്കോട്ടിക്‌സ് ബ്യൂറോ തലവന്‍ തന്നെ ലഹരി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലാണെന്നാണോ അപ്പോള്‍ നിങ്ങള്‍ കരുതിയിരിക്കുന്നത്. ഇല്ല. ഇത് രാകേഷ് അസ്താനയാണ്. ഷായുടെ കണ്ണിലുണ്ണി. സി.ബി.ഐയുടെ തലപ്പത്തെത്തിയ ശേഷം പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുനഃസ്ഥാപനം പൂര്‍ത്തിയായിക്കഴിഞ്ഞു. അവര്‍ അദ്ദേഹത്തെ വീണ്ടും സി.ബി.ഐ ഡയറക്ടര്‍ ആക്കാന്‍ ശ്രമിക്കുകയാണ്.
കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകരുടെ അഖിലേന്ത്യ സമരം പ്രഖ്യാപിച്ച അതേ ദിവസം തന്നെ ബോളിവുഡ് താരം ദീപിക പദുകോണിനെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ അര്‍ത്ഥമെന്താണെന്ന് മനസിലായോ എന്ന് ഇന്ത്യാ ടുഡെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായി ചോദിച്ചിരുന്നു.
കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധത്തില്‍ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ദീപികയ്ക്കെതിരായ കേസ് എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നതിനിടെയാണ് സര്‍ദേശായി പ്രതികരിച്ചത്.
ബോളിവുഡ് താരങ്ങളായ ദീപീക പദുകോണ്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്ക് കഴിഞ്ഞ ദിവസമാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചത്. സെപ്തംബര്‍ 25 ന് ഹാജരാകാന്‍ ആണ് അന്വേഷണ സംഘം ദീപികയോട് ആവശ്യപ്പെട്ടത്.
അതേസമയം നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിനെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മരുന്ന് കണ്ണികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധത്തിലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക