ബാലി: നായകനായുള്ള ആദ്യ ചിത്രമായ ആദിയുടെ വന്‍ വിജയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അരുണ്‍ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കുന്ന പുതിയ വാര്‍ത്തകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് ഇപ്പോള്‍ പുറത്ത് വരുന്നത്.
ആദിയില്‍ പാര്‍കൗര്‍ ആയിരുന്നു പ്രണവ് അഭ്യസിച്ചതെങ്കില്‍ പുതിയ ചിത്രത്തിനായി ബാലിയില്‍ സര്‍ഫിംഗ് അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ സര്‍ഫറുടെ വേഷമാണ് പ്രണവിന്റേത്. തിരമാലകള്‍ക്കിടയിലൂടെ പായയില്‍ നിന്ന് തെന്നി നീങ്ങുന്ന കായിക വിനോദമാണ് സര്‍ഫിംഗ്.
നേരത്തെ തന്നെ റോക്ക് ക്ലൈംബിംഗ്, ജിംനാസ്റ്റിക് ഒക്കെ പഠിച്ചിട്ടുള്ള പ്രണവ് ബാലി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്ന് സര്‍ഫര്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ അത് ഒരു പ്രൊഫഷണല്‍ ആയി അഭ്യസിക്കുന്നതിനായിട്ടാണ് ഇപ്പോള്‍ ഒരു മാസം പരിശീലനത്തിനായി ബാലിയില്‍ എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ ഗോപി തന്നെയാണ് പ്രണവിന്റെ വിശേഷങ്ങള്‍ പുറത്തുവിട്ടത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അരുണ്‍ അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്.
ചിത്രത്തിനായി സര്‍ഫിംഗ് രംഗങ്ങള്‍ കേപ്ടൗണിലായിരിക്കും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിംഗ് ഉണ്ട്. ചിത്രത്തിന്റെ പൂജ നേരത്തെ കഴിഞ്ഞിരുന്നു. ചിത്രത്തിലെ നായികയാരാണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.