പ്രജ എന്നത് നിരോധിച്ച വാക്കൊന്നുമല്ല; ന്യായീകരിച്ച് സുരേഷ് ഗോപി
Kerala News
പ്രജ എന്നത് നിരോധിച്ച വാക്കൊന്നുമല്ല; ന്യായീകരിച്ച് സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2024, 1:38 pm

കോട്ടയം: നേരത്തെ പൗരന്‍മാരെ പ്രജ എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപി. ഇന്ന് കാഞ്ഞിരപ്പള്ളിയില്‍ പാല ബിഷപ്പിനെ സന്ദര്‍ശിച്ചതിന് ശേഷം മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിലാണ് സുരേഷ് ഗോപി പ്രജ എന്ന വാക്ക് നിരോധിച്ചിട്ടില്ലെന്നും പ്രജാതന്ത്രം എന്താണെന്ന് വിമര്‍ശിക്കുന്നവരോട് പഠിക്കാന്‍ പറയണമെന്നും പറഞ്ഞത്.

നേരത്തെ സുരേഷ് ഗോപി ജനങ്ങളെ പ്രജകളെന്ന് വിളിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തൃശൂരില്‍ നടന്ന വി.എസ്. സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സുരേഷ് ഗോപിയുടെ പ്രയോഗത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

പാല ബിഷപ്പിനെ കാണാന്‍ വന്നതില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളില്‍ മാധ്യമങ്ങലുടെ സാമീപ്യമുണ്ടാകരുതെന്ന് ലൂര്‍ദ് പള്ളിയിലെ സംഭവത്തിന് ശേഷം താന്‍ ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നേര്‍ച്ചയുടെ ഭാഗമാണ് അരുവിത്തറ പള്ളി സന്ദര്‍ശിച്ചത്. തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ ഒരു മാനുഷിക ഇടപെടലാണ് നടത്തിയിട്ടുള്ളത്. അതില്‍ രാഷ്ട്രീയമില്ല’ സുരേഷ് ഗോപി പറഞ്ഞു.

‘കേരളത്തില്‍ രാഷ്ട്രീയ അടിമത്വം 2026ന് മുമ്പ് അവസാനിക്കുമെങ്കില്‍ നല്ലത്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് ഫേവറായിട്ടുള്ള ഭരണം നിര്‍വഹിക്കും. പൗരന്‍മാരെ ജനത, ജനങ്ങള്‍, പ്രജ എന്നൊക്കെ വിളിക്കാം. പ്രജ എന്നത് ബാന്‍ ചെയ്ത വാക്കൊന്നുമല്ല. പ്രജാതന്ത്രം എന്താണെന്ന് അവരോടൊക്കെ പോയി അന്വേഷിച്ച് പഠിക്കാന്‍ പറയണം’ സുരേഷ് ഗോപി പറഞ്ഞു.

content highlights: Praja is not a taboo word; Defended by Suresh Gopi