തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) സംഘടിപ്പിക്കുന്ന ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കവി പ്രഭാവര്‍മ. ഒരു മത പാര്‍ലമെന്റിലും താന്‍ ഇല്ലെന്നും ദൈവവശ്വാസിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഒരു മത പാര്‍ലമെന്റിലും ഞാന്‍ ഇല്ല. ഞാന്‍ മതവിശ്വാസിയോ ദൈവവിശ്വാസി പോലും അല്ല,’ എന്ന രണ്ട് വരിയാണ് പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്ക് മറുപടിയെന്നോണം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
കെ.എച്ച്.എന്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ പ്രഭാവര്‍മയും പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീജിത് പണിക്കര്‍, സന്ദീപ് വാര്യര്‍, ജനം ടി.വി എഡിറ്റര്‍ അനില്‍ നമ്പ്യാര്‍, നടന്‍ ഉണ്ണി മുകുന്ദന്‍, നടി അനുശ്രീ തുടങ്ങിയവര്‍ക്കൊപ്പം പ്രഭാവര്‍മയും ഉണ്ടാകുമെന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്.
എഴുത്തുകാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഭിനേതാക്കളുടെയും മതനേതാക്കളുടെയും ഒത്തുചേരല്‍ എന്നാണ് പരിപാടിയെ കുറിച്ച് കോണ്‍ക്ലേവിന്റെ സംഘാടകര്‍ പറയുന്നത്. ജനുവരി 28ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മുഖ്യാതിഥി.
സംഘപരിവാര്‍ നേതാക്കള്‍ നിരന്തരം അപസഹസിക്കുകയും വേട്ടയാടുകയും ചെയ്യുന്ന കവി പ്രഭാവര്‍മ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഭഗവത്ഗീതയെ കുറിച്ചും ചാതുര്‍വര്‍ണ്യത്തെ കുറിച്ചും എഴുതിയതിന് പിന്നലെ നേരത്തെ സംഘപരിവാറില്‍ നിന്നും ഭീഷണി നേരിട്ടയാള്‍ കൂടിയാണ് പ്രഭാവര്‍മ.