'മുസ്‌ലിങ്ങൾക്ക് വീട് വിൽക്കുകയോ വാടകക്ക് നൽകുകയോ ചെയ്യരുത്'; ഹിന്ദുക്കൾക്ക് നിർദേശവുമായി ജയ്പൂരിൽ പോസ്റ്ററുകൾ
national news
'മുസ്‌ലിങ്ങൾക്ക് വീട് വിൽക്കുകയോ വാടകക്ക് നൽകുകയോ ചെയ്യരുത്'; ഹിന്ദുക്കൾക്ക് നിർദേശവുമായി ജയ്പൂരിൽ പോസ്റ്ററുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th February 2024, 8:10 pm

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ മുസ്‌ലിങ്ങൾക്ക് വീട് വിൽക്കുകയോ വാടകക്ക് നൽകുകയോ ചെയ്യരുതെന്ന് നിർദേശവുമായി പോസ്റ്ററുകൾ.

പോസ്റ്ററുകൾ ജയ്പൂർ പൊലീസ് നീക്കം ചെയ്തു. എന്നാൽ ആർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടില്ല.

ഹിന്ദുക്കളോട് ഒരു അപേക്ഷ, മുസ്‌ലിം ജിഹാദിനെതിരെ ഒറ്റക്കെട്ടായി നിൽക്കൂ’ എന്നാണ് പോസ്റ്ററുകളിലൊന്നിലെ വാചകമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

10 ദിവസങ്ങൾക്ക് മുമ്പ് ജയ്പൂരിലെ നന്ദ്പുരിയിൽ പ്രദേശവാസികളിലൊരാൾ ഒരു മുസ്‌ലിം കുടുംബത്തിന് തന്റെ വസ്തു വില്പന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെന്ന് വാർഡ് കൗൺസിലർ അനിത ജെയിൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

‘നഗരത്തിൽ ന്യൂനപക്ഷത്തിന്റെ ജനസംഖ്യ വർധിച്ചുവരുന്നത് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അവർ മനപൂർവം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് വരികയാണ്. അതുകൊണ്ട് അത് തടയുക തന്നെ വേണം,’ അനിത പറഞ്ഞു.

ഫെബ്രുവരി 19നാണ് തങ്ങൾക്ക് പോസ്റ്ററുകളെ കുറിച്ച് വിവരം ലഭിച്ചതെന്ന് ബ്രഹ്മപുരി പൊലീസ് പറയുന്നു. എന്തുകൊണ്ടാണ് സംഭവത്തിൽ നടപടി എടുക്കാത്തത് എന്ന ചോദ്യത്തിന് പോസ്റ്ററുകൾ പ്രദേശത്തെ ആറോ എഴോ വീടുകളെ മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നായിരുന്നു പൊലീസിന്റെ മറുപടി.

Content Highlight: Posters in Jaipur ask locals not to rent, sell property to Muslims