ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. പുന്നപ്ര സമരഭൂമി വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്റര്‍ പതിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ജി സുധാകരനെ മാറ്റി നിര്‍ത്തിയതോടെ കടുത്ത മത്സരം നടന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സ്ഥാനാര്‍ത്ഥി എച്ച്. സലാമിനൊപ്പമുള്ള മന്ത്രി ജി സുധാകരന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.
പുറക്കാട് , അമ്പലപ്പുഴ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പായല്‍ക്കുളങ്ങരയില്‍ പതിച്ച പോസ്റ്ററുകളാണ് കീറിയത്. ഇതിന് പിന്നാലെ ആരിഫും സലാമും ഉള്ള പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചു.
അതേസമയം, അടുത്തിടെ സുധാകരന് നടത്തിയ വാര്‍ത്താസമ്മേളനം സി.പി.ഐ.എമ്മിലെ നേതാക്കള്‍ക്കിയില്‍ അമര്‍ഷം ഉണ്ടാക്കിയിരുന്നു. തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയഭേദമന്യേ ആലപ്പുഴയിലെ പൊളിറ്റിക്കല്‍ ക്രമിനലുകള്‍ ആണെന്നായിരുന്നു സുധാകരന് പറഞ്ഞത്. സുധാകരന് പറഞ്ഞ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ സി.പി.ഐ.എമ്മില്‍ ഇല്ലെന്നും അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവരെ നേരിടാനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും എ.എം. ആരീഫ് എം.പി പറയുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക