football news
റൊണാള്‍ഡോയെ തേടി 17ാം ഗിന്നസ് റെക്കോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 15, 11:58 am
Saturday, 15th July 2023, 5:28 pm

പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി 17ാം ഗിന്നസ് റെക്കോര്‍ഡെത്തി. ഒരു കായികതാരമെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വരുമാനം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് റോണോ പുതുതായി സ്വന്തമാക്കിയത്. ലയണല്‍ മെസിയെ പിന്തള്ളിയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ നേട്ടം.

ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ ഫോബ്സിന്റെ പട്ടികയിലും ഒന്നാമതാണ് റൊണാള്‍ഡോ. തുടര്‍ച്ചയായ മൂന്നാം തവണയും റൊണാള്‍ഡോക്ക് ഒന്നാമതെത്താനായി.

2023 മെയ് ഒന്ന് വരെ 12 മാസങ്ങളില്‍, അല്‍ നാസര്‍ ഫോര്‍വേഡിന്റെ വരുമാനം ഏകദേശം 136 മില്യണ്‍ ഡോളറാണ്. റോണോയുടെ വരുമാനത്തില്‍ 46 മില്യണ്‍ ഡോളര്‍ ഓണ്‍ ഫീല്‍ഡും 90 മില്യണ്‍ ഡോളര്‍ ഓഫ് ഫീല്‍ഡില്‍ നിന്നുമാണ്.

രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഈ കാലയളവിലെ വരുമാനം 130 മില്യണ്‍ ഡോളറാണ്. ഫീല്‍ഡ് വരുമാനത്തില്‍ 65 മില്യണ്‍ ഡോളറും ഫീല്‍ഡിന് പുറത്തുള്ള വരുമാനത്തില്‍ 65 മില്യണ്‍ ഡോളറുമാണ് മെസിയുടെ സമ്പാദ്യം.

റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബില്‍ ചേരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ലഭിച്ചതിന്റെ ഇരട്ടി പ്രതിഫലമായിരുന്നു കിട്ടിയത്. ഇതും റോണോയുടെ പുതിയ റെക്കോര്‍ഡിന് കാരണമായി. നൈക്കുമായുള്ള ആജീവനാന്ത കരാറ്, സി.ആര്‍ സെവനിന്റെ ബ്രാന്റ് മൂല്യം എന്നിവയില്‍ നിന്നും താരം പണം സമ്പാദിക്കുന്നുണ്ട്.

അതേസമയം, 2022-23ലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫോബ്സിന്റെ പട്ടികയില്‍ ആദ്യ മൂന്ന് അത്ലറ്റുകളില്‍ മറ്റ് രണ്ട് പേരും ഫുട്‌ബോള്‍ കളിക്കാരാണ്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയാണ് ലിസ്റ്റില്‍ മൂന്നാമന്‍.

Content Highlight: Portugal legend Cristiano Ronaldo reaches 17th Guinness World Record