നേഷന്‍സ് ലീഗില്‍ പോളണ്ടിനെതിരെ ഗംഭീര വിജയം നേടി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്ത് തന്നെ ഇരിപ്പ് തുടരുകയാണ്. പോര്‍ട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രാഗോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്.
പോര്‍ച്ചുഗലിനായി റാഫേല്‍ ലിയോ ബ്രൂണോ ഫെര്‍ണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഇരട്ട ഗോളുമായാണ് പറങ്കിപ്പടയുടെ നായകന്‍ തിളങ്ങിയത്.
72ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ റോണോ 87ാം മിനിട്ടില്‍ പ്രായത്തെ വെല്ലുന്ന ആക്രോബാക്ടിക് സ്‌കില്ലിലൂടെ ടീമിന്റെ അവസാന ഗോളും കണ്ടെത്തി.
മത്സരത്തിന്റെ 88ാം മിനിട്ടില്‍ ഡൊമനിക് മാര്‍സൂക്കാണ് പോളണ്ടിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ച് മത്സരത്തില്‍ ഒന്നുപോലും തോല്‍ക്കാതെയാണ് ടീം ഒന്നാം സ്ഥാനത്ത് തുടരുന്നത്. നാല് മത്സരത്തില്‍ വിജയിച്ചപ്പോള്‍ സ്‌കോട്‌ലാന്‍ഡിനെതിരായ മത്സരം ഗോള്‍രഹിത സമനിലയിലും പിരിഞ്ഞു.
നംവബര്‍ 19നാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിന്റെ അവസാന മത്സരം. സ്‌റ്റേഡിയന്‍ പോല്യുഡില്‍ നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യയാണ് എതിരാളികള്‍.
ഈ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള സീനിയര്‍ താരങ്ങളെ കളത്തിലിറക്കില്ലെന്ന് പറയുകയാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടീനസ്. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളെ റിലീസ് ചെയ്ത് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് മാര്‍ട്ടീനസിന്റെ തീരുമാനം.
‘ആദ്യ ഘട്ടത്തില്‍ ഒരു മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും ആറ് മാറ്റങ്ങള്‍ വരുത്തിയാണ് ഞങ്ങള്‍ തൊട്ടടുത്ത മത്സരത്തിനിറങ്ങിയത്. ഒന്നാം സ്ഥാനത്ത് തുടരുക എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണ്, ഞങ്ങളിപ്പോള്‍ ഒന്നാമത് തന്നെയാണ്.
കൂടുതല്‍ മത്സരബുദ്ധിയോടെയാണ് ഓരോരുത്തരം കളിക്കുന്നത്. സ്റ്റാര്‍ട്ടിങ് ഇലവനെ തെരഞ്ഞെടുക്കുക എന്നത് കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടാവുകയാണ്. 18 മാസത്തിനുള്ളില്‍ ലോകകപ്പും നടക്കുകയാണ്.
ക്രൊയേഷ്യക്കെതിരായ മത്സരവും ഏറെ പ്രധാനമാണ്. (ടീമിലെ) മറ്റ് താരങ്ങളിലേക്കും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ബെര്‍ണാര്‍ഡോ സില്‍വ, പെഡ്രോ നെറ്റോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം സസ്‌പെന്‍ഷനിലുള്ള ബ്രൂണോ ഫെര്‍ണാണ്ടസിനെയും റിലീസ് ചെയ്യുകയാണ്. ഫാബിയോ സില്‍വ, ക്വനേഡ എന്നിവരെ ഞങ്ങള്‍ ഉള്‍പ്പെടുത്തും,’ മാര്‍ട്ടീനസ് പറഞ്ഞു.
അതേസമയം, അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് വീതം വിജയവും തോല്‍വിയും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ക്രൊയേഷ്യ. അടുത്ത മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ വിജയിച്ചാലും ടീമിന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കില്ല.
എന്നാല്‍ അടുത്ത മത്സരത്തില്‍ ക്രൊയേഷ്യ പരാജയപ്പെടുകയും ഗോള്‍ ഡിഫ്രന്‍സിലെ കുറവ് നികത്താന്‍ സാധിക്കുന്ന രീതിയില്‍ പോളണ്ട് സ്‌കോട്‌ലാന്‍ഡിനെതിരെ വിജയിക്കുകയും ചെയ്താല്‍ മോഡ്രിച്ചും സംഘവും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
Content Highlight: Portugal coach Roberto Martino says Cristiano Ronaldo and 3 other senior player will not play in match against Croatia