ഒഴിഞ്ഞ റോഡുകള്‍, 365 ദിവസവും സമരം; ഇതെവിടുത്തെ കണ്ണൂര്‍?
Film News
ഒഴിഞ്ഞ റോഡുകള്‍, 365 ദിവസവും സമരം; ഇതെവിടുത്തെ കണ്ണൂര്‍?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st April 2023, 7:58 pm

ഹേമന്ത് ജി. നായരിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഹിഗ്വിറ്റ മാര്‍ച്ച് 30ന് ആണ് റിലീസ് ചെയ്തത്. ഇടതുപക്ഷ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് ഹേമന്ത് ജി. നായര്‍ ഹിഗ്വിറ്റ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Spoiler Alert

രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി പുറത്ത് വന്ന മുന്‍ ചിത്രങ്ങളെ പോലെ ഹിഗ്വിറ്റയിലും പാര്‍ട്ടികളുടെ പേരില്‍ ചില മാറ്റങ്ങളുണ്ട്. സി.പി.ഐ.എം എന്നത് ഹിഗ്വിറ്റയില്‍ ആര്‍.പി.ഐ.എം ആയിട്ടുണ്ട്. ഇടതുരാഷ്ട്രീയത്തെ പറ്റി പറയുന്നത് കൊണ്ട് തന്നെ കണ്ണൂര്‍ രാഷ്ട്രീയത്തിലാണ് ഹിഗ്വിറ്റ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഹിഗ്വിറ്റ കണ്ണൂരിനെ പോട്രെയ്റ്റ് ചെയ്തിരിക്കുന്ന രീതി ചിത്രം കാണുന്നവരുടെ പ്രത്യേക ശ്രദ്ധ നേടുന്ന ഒന്നാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ നിന്നും ഒരുപാട് അകന്നാണ് ഹേമന്ത് ജി. നായരുടെ ചിത്രത്തിലെ കണ്ണൂര്‍. ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന പൊലീസ് ഉഗ്യോഗസ്ഥനായ അയ്യപ്പദാസ് സുരാജിന്റെ പന്നിയന്നൂര്‍ മുകുന്ദന്‍ എന്ന ആര്‍.പി.ഐ.എം നേതാവിന്റെ ഗണ്‍മാനായി ചുമതലയേല്‍ക്കാനാണ് കണ്ണൂരിലെത്തുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമാണ് ഒരു ആര്‍.പി.ഐം.എം നേതാവിന് ഗണ്‍മാനെ സര്‍ക്കാര്‍ നല്‍കുന്നത്.

അയ്യപ്പദാസ് കണ്ണൂരിലെത്തുന്നത് മുതല്‍ ഒരു ഭീകരാവസ്ഥയാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്. വിജനമായ വഴികള്‍, അടഞ്ഞുകിടക്കുന്ന കടകള്‍, ഓരോ മൂലക്കും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അക്രമമഴിച്ചുവിടുന്ന വിവിധ പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്നിങ്ങനെ പല തരത്തിലുള്ള ഭീതിജനകമായ കാഴ്ചകളാണ് അയ്യപ്പദാസിനെ വരവേല്‍ക്കുന്നത്. 365 ദിവസവും സമരമായതുകൊണ്ട് പണിയില്ലാത്ത വര്‍ക്ക് ഷോപ്പുകാരനാണ് അയ്യപ്പദാസിനെ കൂട്ടിക്കൊണ്ടുപോരാന്‍ എത്തുന്നത്.

പാര്‍ട്ടിക്കാരായ ഓട്ടോത്തൊഴിലാളികള്‍ സ്ത്രീയായ മറ്റൊരു ഓട്ടോഡ്രൈവറെ മര്‍ദിച്ച് അവശയാക്കുന്ന രംഗമുണ്ട് ചിത്രത്തില്‍. അവര്‍ രാഖി കെട്ടിയ പെണ്ണായതുകൊണ്ടാണ് മര്‍ദനമേല്‍ക്കേണ്ടി വരുന്നത്. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ആര്‍.പി.ഐ.എം. നേതാവ് വന്ന് പൊലീസിനോട് കേസെടുക്കേണ്ട എന്ന് പറയുന്നു.

ഈ രംഗങ്ങളൊക്കെ കാണുമ്പോള്‍ ഒരു അവിശ്വസനീയതയാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്. സംവിധായകന്‍ ഏതോ ഭാവനയില്‍ നിന്ന് കണ്ണൂരിനെ സൃഷ്ടിക്കുകയായിരുന്നോ എന്ന തോന്നലുണ്ടാവും. ആ അവിശ്വസനീയത ഉണ്ടാകുന്നിടത്ത് ഹിഗ്വിറ്റയിലെ മേക്ക് ബിലീഫ് നഷ്ടപ്പെടുന്നുണ്ട്.

സെക്കന്റ് ഹാഫില്‍ ചില വ്യത്യസ്തതകള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും ഫസ്റ്റ് ഹാഫിലെ ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ കണ്ണൂരിനെ ഒരു ‘അന്യഗ്രഹമായി’ ചിത്രീകരിച്ച് കടുത്ത ഇടതുപക്ഷ വിരുദ്ധത സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് തോന്നി പോവും.

Content Highlight: portayal if kannur in higuita movie