മത തത്വങ്ങളിലല്ല, ദരിദ്രരുടെ മുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്; സഭയിലെ ആശയ ഭിന്നതയിൽ പ്രതികരിച്ച് മാർപാപ്പ
World News
മത തത്വങ്ങളിലല്ല, ദരിദ്രരുടെ മുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്; സഭയിലെ ആശയ ഭിന്നതയിൽ പ്രതികരിച്ച് മാർപാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th January 2024, 12:15 pm

വത്തിക്കാൻ: ഓരോ വ്യക്തിയോടും അവരവരുടെ സ്വന്തം ആശയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. കത്തോലിക്കാ സഭയിലെ യാഥാസ്ഥിതിക വിഭാഗക്കാരും വത്തിക്കാൻ നയങ്ങളും തമ്മിലുള്ള വിഭാഗീയത നിലനിൽക്കെയാണ് മാർപാപ്പയുടെ പ്രതികരണം

ദനഹാ പെരുന്നാൾ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തിയ കുർബാനയിലെ പ്രസംഗത്തിനിടെയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവന. മത സിദ്ധാന്തങ്ങളിൽ മുഴുകാതെ ദരിദ്രരുടെ മുഖത്ത് ദൈവത്തെ കണ്ടെത്തൻ പറഞ്ഞ അദ്ദേഹം ഇതിനെതിരായുള്ള സഭാ പ്രത്യയശാസ്ത്രങ്ങൾ ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം സ്വവർഗ്ഗ വിവാഹത്തിൽ ഏർപ്പെടുന്നവർ ഉൾപ്പെടെയുള്ള ദമ്പതികൾക്ക് അനുഗ്രഹം നൽകാൻ പുരോഹിതർക്ക് അദ്ദേഹം അനുവാദം നൽകിയിരുന്നു. കൂടാതെ ആശിർവാദവും അനുഗ്രഹങ്ങളും നൽകുന്നത് മതത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ലെന്നും മാർപാപ്പ പറഞ്ഞിരുന്നു.

ഫ്രാൻസിസ് മാർപാപ്പ ഒരു അപകടകാരിയായ പുരോഗമനവാദിയാണെന്ന് തോന്നിയ ചില ബിഷപ്പുമാർ ഇത്തരത്തിൽ അനുഗ്രഹം നൽകുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാൽ അനുഗ്രഹം നൽകുന്നത് ഒരിക്കലും അത് മതനിന്ദ ആവില്ലെന്നും ഇതിനെ എതിർക്കാൻ മതപരമായ കാരണങ്ങളൊന്നുമില്ലെന്നും പറഞ്ഞു വത്തിക്കാൻ പ്രസ്താവന ഇറക്കി.

സ്വവർഗ വിവാഹത്തിൽ തന്റെ നിലപാട് പിൻവലിക്കാതെ പ്രസംഗിച്ച മാർപാപ്പ, ഓരോരുത്തരുടെയും വിശ്വാസം കേവലം മതപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്നും ആവശ്യപ്പെട്ടു. വിശ്വാസികൾ താഴേക്ക് ഇറങ്ങി വന്ന ദൈവത്തെ കണ്ടുപിടിക്കണമെന്നും നമ്മുടെ നിത്യജീവിതത്തിലുള്ള അദ്ദേഹത്തിൻറെ സാന്നിധ്യം തിരിച്ചറിയുകയും ദരിദ്രരുടെ മുഖത്ത് ദൈവത്തെ കണ്ടെത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

87 വയസ്സുകാരനായ ഫ്രാൻസിസ് മാർപാപ്പ നിലവിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

Content Highlights: Pope Francis on ideological splits in Church: Focus on poor, not ‘theory’