വത്തിക്കാന്‍: ആദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ പുരോഹിതനെ റോമന്‍ കത്തോലിക്കാ കര്‍ദിനാളായി നിയമിക്കുന്നെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ വില്‍ട്ടന്‍ ഡാനിയേല്‍ ഗ്രിഗറി എന്ന 72 കാരനായ പുരോഹിതനെയാണ് കര്‍ദിനാളായി തെരഞ്ഞെടുക്കുന്നത്. ഇദ്ദേഹമുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നായി 13 കര്‍ദിനാള്‍മാരെയാണ് പുതുതായി നിയമിക്കുന്നത്. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വെച്ച നടന്ന പ്രസംഗത്തിലാണ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം.
റോമന്‍കത്തോലിക്കാ സഭയിലെ മുതിര്‍ന്ന പുരോഹിതന്‍മാരാണ് കര്‍ദിനാള്‍മാര്‍. മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വേണ്ടി നടത്തുന്ന കോണ്‍ക്ലേവില്‍ വോട്ട് ചെയ്യുവാന്‍ ഇവര്‍ക്ക് അനുവാദമുണ്ടായിരിക്കും. പുതിയ കര്‍ദിനാള്‍മാരില്‍ നാലുപേര്‍ 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്ക് കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാന്‍ അധികാരമുണ്ടാവില്ല.
ഇറ്റലി , മെക്‌സിക്കോ, റ്വാണ്ട, മാള്‍ട്ട, ഫിലിപ്പിന്‍സ്, യു.എസ്, ചിലി, ബ്രുനെയ് എന്നിവിടങ്ങളില്‍ നിന്നാണ് ബാക്കിയുള്ള ഒമ്പത് കര്‍ദിനാള്‍മാര്‍.
2019 മെയിലാണ് വില്‍ട്ടണ്‍ ഗ്രിഗറി വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരത്തെ ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനിടെ ട്രംപ് സെന്റ് പോള്‍ രണ്ടാമന്‍ ദേവാലയത്തിലേക്കുള്ള സന്ദര്‍ശനത്തെ ആര്‍ച്ച് ബിഷപ്പ് അപലപിച്ചിരുന്നു.