ഇന്ന് പാവങ്ങളുടെ പാപ്പ എന്നു മാധ്യമങ്ങള്‍ കൊണ്ടാടുന്ന ബെര്‍ഗോളിയോ അന്നു വിമോചന ദൈവശാസ്ത്രത്തിന്റെ പാത സ്വീകരിച്ച് ബ്യൂണസ് അയേഴ്‌സിലെ ചേരിനിവാസികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച കത്തോലിക്കാ പുരോഹിതരെ കയ്യൊഴിയുകയും സാധാരണജനങ്ങളെ പോലെ അവരെയും തടവറയിലാക്കാനും പീഡിപ്പിക്കാനും ആവും വിധം പട്ടാള മേധാവികളുമായി അവിഹിതബാന്ധവത്തിലേര്‍പ്പെടുകയും ചെയ്തുവെന്ന പീഡനങ്ങള്‍ക്കു വിധേയരായ പുരോഹിതര്‍ തന്നെ പിന്നീട് സാക്ഷ്യപ്പെടുത്തുകയുണ്ടായി. പി.ജെ.ജെയിംസ് എഴുതുന്നു.
എസ്സേയ്‌സ്/ പി.ജെ.ജെയിംസ്
പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കറുത്ത പുകയും കണ്ട് അധിക ദിവസം കാത്തിരക്കേണ്ടി വന്നില്ല. പുതിയ പോപ്പിന്റെ തെരഞ്ഞെടുപ്പു തുടങ്ങി രണ്ടാം ദിവസം തന്നെ വെളുത്ത പുക വന്നു. അങ്ങനെ 2013 മാര്‍ച്ച് 13-ന് ഫ്രാന്‍സിസ് മാര്‍പാപ്പാ എന്ന പേരില്‍ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ജോര്‍ഗ് മാരിയോ ബെര്‍ഗോളിയോ കത്തോലിക്കാസഭയുടെ പരമോന്നത തലവനും വത്തിക്കാന്‍ രാഷ്ട്രമേധാവിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
കൊട്ടാരസമാനമായ മാര്‍പാപ്പയുടെ അപ്പാര്‍ട്ട്‌മെന്റിനു പകരം വത്തിക്കാന്റെ ഒരു ഹോട്ടല്‍ മുറി താമസിക്കാന്‍ തെരഞ്ഞെടുത്ത അദ്ദേഹം കീഴ്‌വഴക്കങ്ങള്‍ തെറ്റിക്കുകയും ദരിദ്രരെ ഹൃദയത്തില്‍ ചേര്‍ക്കുന്ന പോപ്പായി കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ഔദ്യോഗിക കത്തിടപാടുകളില്‍ പോപ്പ് ഫ്രാന്‍സിസ് എന്നതിനു പകരം ഫ്രാന്‍സിസ് എന്നു മാത്രം ഒപ്പിടുന്ന അദ്ദേഹം അടുപ്പക്കാര്‍ക്ക് പഴയ ബെര്‍ഗോളിയോ തന്നെ.[]
താമസസ്ഥലത്തു പൊതു തീന്‍മുറിയില്‍ ഭക്ഷണം കഴിക്കുകയും മറ്റു നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചകളില്‍ അവര്‍ക്കൊപ്പം തറനിരപ്പിലുള്ള കസേരയില്‍ ഇരിക്കുകയും ചെയ്യുന്നു അദ്ദേഹം. ബ്യൂണസ് അയേഴ്‌സില്‍ ഈശോസഭയുടെ (ജസ്യൂട്ട്) ആര്‍ച്ച് ബിഷപ്പായിരുന്ന വേളയില്‍ പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുകയും ഒറ്റ മുറിയില്‍ താമസിക്കുകയും സ്വന്തം ഭക്ഷണം പാകം ചെയ്യുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ഈ മഹത്തായ നേട്ടങ്ങള്‍ ലോകമെങ്ങുമുള്ള കോര്‍പ്പറേറ്റ് മീഡിയ വമ്പിച്ച പ്രാധാന്യത്തോടെ പ്രക്ഷേപണം ചെയ്തു.
മാര്‍പാപ്പ ആയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പെസഹാ സന്ദേശത്തില്‍ (മാര്‍ച്ച് 28) പുരോഹിതര്‍ സ്ഥാനമാനങ്ങളെ കുറിച്ച് വേവലാതിപ്പെടാതെ പാവങ്ങള്‍ക്കരികിലേക്ക് ചെന്ന് അവരെ സഹായിക്കണമെന്നും “ചെമ്മരിയാടുകളോടൊപ്പം കഴിയുന്ന ഇടയന്മാരാകണ”മെന്നും അഭ്യര്‍ത്ഥിച്ചതായി ചാനലുകളും പത്രങ്ങളും മത്സരിച്ചു റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ “ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു” എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുമാറ് ഈ ശുഭസൂചകങ്ങള്‍ക്കു പിന്നില്‍ വത്തിക്കാനും കത്തോലിക്കാസഭയും നേരിട്ടുകൊണ്ടിരിക്കുന്ന അപരിഹാര്യമായ വെല്ലുവിളികളുടെ വാര്‍ത്തകളും ലഭ്യമാണ്.
പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച കുറ്റത്തിന് നഷ്ടപരിഹാരം കൊടുത്തു തുലഞ്ഞ അമേരിക്കയിലെയും യൂറോപ്പിലെയും കത്തോലിക്കാസഭ എളുപ്പം വരുമാനമുണ്ടാക്കുന്ന കച്ചവടത്തിനായി പള്ളികള്‍ വാടകക്കു കൊടുത്തുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു.
സ്വവര്‍ഗ്ഗലൈംഗികതയുടെ പേരില്‍ വത്തിക്കാനിലെ ആത്മീയ നേതൃത്വങ്ങള്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുന്നതും അതാര്യമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും പണമിടപാടുകളുടെയും ഫലമായി ഒരിക്കല്‍ ഭദ്രമായ “ദൈവത്തിന്റെ ബാങ്കര്‍” എന്നറിയപ്പെട്ടിരുന്ന വത്തിക്കാന്റെ ധനസ്ഥിതി ആടിയുലയുന്നതും ഇന്നു ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു.
പുതിയ പോപ്പിനെ വാഴിച്ചതുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് മീഡിയ ഒരുക്കിയ വാര്‍ത്താ പ്രളയത്തില്‍ മറച്ചുവെക്കപ്പെടുന്ന കറുത്ത സത്യങ്ങള്‍ ജനാധിപത്യശക്തികള്‍ കാണാതിരുന്നുകൂടാ.
ഒരു മതത്തിലും വിശ്വാസമില്ലാത്ത യുവാക്കളില്‍ നിന്നും പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും റിക്രൂട്ട് ചെയ്യുക ബുദ്ധിമുട്ടായതിനാല്‍ ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും യൂറോപ്യന്‍ ആവശ്യങ്ങള്‍ക്ക് പുരോഹിതരെയും കന്യാസ്ത്രീകളെയും ഇറക്കുമതി ചെയ്യേണ്ട ദുരവസ്ഥയിലാണ് വത്തിക്കാന്‍.
ഏതാണ്ടു 40 ശതമാനം കത്തോലിക്കരും മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലുമായി കിടക്കുന്നു എന്നതും ഗുരുതരമായ പ്രശ്‌നമാണ്. അവരില്‍ തന്നെ 30 ശതമാനം പേര്‍ മാത്രമെ പള്ളികളില്‍ പോകുന്നുള്ളു. ഈ സാഹചര്യത്തിലാണ് റാറ്റ്‌സിംഗര്‍ സ്ഥാനത്യാഗം ചെയ്തതും ഒരു ലാറ്റിനമേരിക്കന്‍ പോപ്പിനെ വാഴിച്ചുകൊണ്ട് നീക്കുപോക്കിനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടായതും.
പുതിയ പോപ്പിനെ വാഴിച്ചതുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് മീഡിയ ഒരുക്കിയ വാര്‍ത്താ പ്രളയത്തില്‍ മറച്ചുവെക്കപ്പെടുന്ന കറുത്ത സത്യങ്ങള്‍ ജനാധിപത്യശക്തികള്‍ കാണാതിരുന്നുകൂടാ. ജീര്‍ണ്ണിച്ച അനുഷ്ഠാനങ്ങളും അന്ധവിശ്വാസവും പ്രതിലോമപരതയും മൂര്‍ത്തീഭാവമായിട്ടുള്ള വത്തിക്കാന്‍ രണ്ടു സഹസ്രാബ്ദങ്ങളായി തുടരുന്ന വര്‍ഗ്ഗ ചൂഷണത്തിലധിഷ്ഠിതമായ മര്‍ദ്ദകവ്യവസ്ഥയുടെ ആത്മീയ ശക്തിയാണ്.
ഭരണകൂടവും മതവും കൃത്യമായി വേര്‍തിരിക്കപ്പെട്ടിരിക്കണമെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടുള്ള മുതലാളിത്ത-സാമ്രാജ്യത്വ ബൂര്‍ഷ്വാസി അതിന്റെ മാധ്യമ സംവിധാനങ്ങളിലൂടെ നടത്തുന്ന നഗ്നമായ ഭരണഘടനാ ലംഘനമാണ് പോപ്പിന്റെ തെരഞ്ഞെടുപ്പും സ്ഥാനാരോഹണവുമെല്ലാമായി ബന്ധപ്പെട്ട വാര്‍ത്താ പ്രക്ഷേപണത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
നിലവിലുള്ള മര്‍ദ്ദകവ്യവസ്ഥക്കെതിരെ നിയമവിധേയ പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടവരെപോലും പുരോഹിതരെന്നോ കന്യാസ്ത്രീകളെന്നോ പരിഗണന നല്‍കാതെ ഭീകരവാദികളെന്ന് മുദ്രകുത്തി സൈന്യം തുറങ്കിലടച്ചപ്പോള്‍ ഭരണത്തെ സഹായിക്കുന്ന സമീപനമായിരുന്നു ബെര്‍ഗോളിയോയുടേത്. തടവിലാക്കപ്പെട്ട പുരോഹിതര്‍ ഭീകരരല്ലെന്ന് പട്ടാളമേധവിയോട് ശുപാര്‍ശ ചെയ്യുമെന്ന് ബെര്‍ഗോളിയോ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അയാള്‍ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു.
മതേതരത്വത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എക്കാലവും എതിര്‍നിന്നിട്ടുള്ള പിന്തിരിപ്പന്‍ സ്ഥാപനമാണു വത്തിക്കാന്‍. പാവങ്ങളുടെ പാപ്പയെന്ന വിശേഷണത്തോടെ വത്തിക്കാന്‍ സിംഹാസനത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദേഹം മാര്‍ക്‌സിസത്തിനും മാനവ പുരോഗതിയിലേക്കു നയിക്കുന്ന ശാസ്ത്രീയ ചിന്തക്കും മാനവികതക്കും എതിര്‍ നിന്നിട്ടുള്ളയാളാണെന്ന വസ്തുത ആസൂത്രിതമായി മൂടിവെക്കപ്പെടുകയാണ്. മുന്‍ ബ്യൂണെസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ജോര്‍ഗ് ബെര്‍ഗോളിയോയ്ക്ക് 1976-നും 1983-നു മിടയില്‍ അര്‍ജന്റീനയില്‍ നടന്ന ഫാസിസ്റ്റ് കൂട്ടക്കൊലയില്‍ പങ്കില്ലെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവിന് പലയാവര്‍ത്തി പറയേണ്ടി വന്നത് ഈ മൂടിവെക്കലിന്റെ ഭാഗമായിരുന്നു.[]
1976-നും 1983-നുമിടയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആശിര്‍വാദത്തോടെ അര്‍ജന്റീനയില്‍ ഭരണം നടത്തിയ പട്ടാള സ്വേച്ഛാധിപത്യത്തില്‍ കൊല്ലപ്പെടുകയും “അപ്രത്യക്ഷ”രാക്കപ്പെടുകയും ചെയ്തത് 30,000 ത്തിലധികം വരുന്ന തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഇടതുപക്ഷ ബുദ്ധിജീവികളുമാണ്. തടവറയില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായി ജീവിച്ഛവങ്ങള്‍ ആക്കപ്പെട്ടവര്‍ ഇതിനു പുറമെ ലക്ഷം കവിയും.
ഈ പട്ടാള തേര്‍വാഴ്ചയുടെ ഭീകരനാളുകളില്‍ വിമോചന ദൈവശാസ്ത്രത്തില്‍ ആകൃഷ്ടരായ നിരവധി പുരോഹിതരും കന്യാസ്ത്രീകളും മര്‍ദ്ദിതപക്ഷത്തു നിലയുറപ്പിക്കുകയുണ്ടായി. അര്‍ജന്റീനയിലെ പട്ടാള ഭരണം അവരെയും കൈകാര്യം ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാട്ടിയില്ല. എന്നുമാത്രമല്ല, ഇടതുപക്ഷ സ്വാധീനത്തില്‍ നിന്നും കത്തോലിക്ക സഭയെ അന്നു ശുദ്ധീകരിച്ചെടുക്കാന്‍ വത്തിക്കാന്‍ പ്രധാനമായും ആശ്രയിച്ചത് ബ്യൂണസ് അയേഴ്‌സിലെ ജസ്യൂട്ട (ഈശോസഭ) ബിഷപ്പ് ആയ ബെര്‍ഗോളിയോയെ ആയിരുന്നു.
ഇന്ന് പാവങ്ങളുടെ പാപ്പ എന്നു മാധ്യമങ്ങള്‍ കൊണ്ടാടുന്ന ബെര്‍ഗോളിയോ അന്നു വിമോചന ദൈവശാസ്ത്രത്തിന്റെ പാത സ്വീകരിച്ച് ബ്യൂണസ് അയേഴ്‌സിലെ ചേരിനിവാസികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച കത്തോലിക്കാ പുരോഹിതരെ കയ്യൊഴിയുകയും സാധാരണജനങ്ങളെ പോലെ അവരെയും തടവറയിലാക്കാനും പീഡിപ്പിക്കാനും ആവും വിധം പട്ടാള മേധാവികളുമായി അവിഹിതബാന്ധവത്തിലേര്‍പ്പെടുകയും ചെയ്തുവെന്ന പീഡനങ്ങള്‍ക്കു വിധേയരായ പുരോഹിതര്‍ തന്നെ പിന്നീട് സാക്ഷ്യപ്പെടുത്തുകയുണ്ടായി.
ഉദാഹരണത്തിന് ആയിടെ പട്ടാളം തട്ടിക്കൊണ്ടുപോയി മര്‍ദ്ദന ക്യാമ്പുകളില്‍ അടച്ച ഒര്‍ലാന്റോയോറിയോ, ഫ്രാന്‍സിസ്‌കോ ജാലിക്‌സ് എന്ന രണ്ടു ജസ്യൂട്ട് പുരോഹിതര്‍ പിന്നീട് പട്ടാള ഭരണം അവസാനിച്ചതിനുശേഷം 1985 ല്‍ പട്ടാളമേധവികളെ കുറ്റവിചാരണക്കു വിധേയമാക്കിയ സന്ദര്‍ഭത്തില്‍ തങ്ങളെ തടവറകളിലാക്കിയതിനു പിന്നില്‍ ബെര്‍ഗോളിയോയുടെ സൈന്യവുമായുള്ള അവിഹിതബാന്ധവം ഉണ്ടായിരുന്നുവെന്ന് തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുകയുണ്ടായി.
ഈ രണ്ടു കത്തോലിക്കാ പുരോഹിതരും ബെര്‍ഗോളിയോ നല്‍കിയ മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ പേരില്‍ പട്ടാളം തട്ടിക്കൊണ്ടുപോകുകയായിരുന്നവെന്നാണ് അവരുടെ പ്രസ്താവനകളിലും പ്രസിദ്ധീകരണത്തിനു നല്‍കിയ കറിപ്പുകളിലും പീന്നീട് വ്യക്തമാക്കിയത്. 1985 ല്‍ കോടിതിയില്‍ യോറിയോ ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പേരുകളടങ്ങിയ പട്ടിക പട്ടാളത്തിനു കൈമാറിയത് അയാള്‍ തന്നെയാണെന്ന് എനിക്കുറപ്പുണ്ട്” .
യോറിയോയുടെയും ജാലിക്‌സിന്റെയും അഭിപ്രായത്തില്‍ പട്ടാളഭരണത്തോടും അതിന്റെ രാഷ്ട്രീയ കൊലപാതകങ്ങളടക്കമുള്ള ഭീകരതകളോടും പ്രത്യയശാസ്ത്രപരമായ അനുകൂല നിലപാടു പുലര്‍ത്തുക മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാന്‍ സഭയുടെ ഭൗതിക പിന്തുണയും ബെര്‍ഗോളിയോ ഉറപ്പാക്കുകയുണ്ടായി. ഈ രണ്ടു പുരോഹിതരെയും കുപ്രസിദ്ധമായ നാവിക പീഡന കേന്ദ്ര (Navy School of Mechanics)ത്തില്‍ അഞ്ചുമാസക്കാലം കൊടിയ മര്‍ദ്ദനത്തിനു വിധേയമാക്കിയതിനുശേഷം മയക്കുമരുന്നു കുത്തിവെച്ച് അബോധാവസ്ഥയിലാക്കി നഗരത്തിനു പുറത്ത് വഴിയില്‍ തള്ളുകയായിരുന്നു പട്ടാള ഉദ്യോഗസ്ഥര്‍.
പട്ടാളഭരണത്തിന്റെ ആവശ്യപ്രകാരം പീഡനക്യാമ്പുകളില്‍ ആവശ്യത്തിനു പുരോഹിതന്മാരെ വിട്ടുകൊടുക്കാനും ബെര്‍ഗോളിയോ താല്പര്യമെടുത്തു. വിരോധാഭാസമെന്നു പറയട്ടെ, മര്‍ദ്ദനത്തിനും മരണത്തിനും വിധേയരായിക്കൊണ്ടിരുന്ന മര്‍ദ്ദിതര്‍ക്ക് സ്വാന്തനമേകുന്നതിനും ആശ്വാസമേകുന്നതിനും പകരം മര്‍ദ്ദകരായ പട്ടാളക്കാര്‍ക്കും പോലീസുകാര്‍ക്കും മനഃസാക്ഷിക്കുത്തില്ലാതെ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കൗണ്‍സലിംഗ് നല്‍കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ.
2000-ല്‍ അന്തരിച്ച ഒര്‍ലാന്റോ യോറിയയുടെ അഭിപ്രായത്തില്‍ 1976 മുതലുള്ള പട്ടാള സ്വേച്ഛാധിപത്യത്തിലേക്ക് അര്‍ജന്റീനയെ നയിച്ച 1970 കളുടെ തുടക്കത്തിലെ വലതുപക്ഷ പെറോണിസ്റ്റ് ഭരണവുമായി ഏറ്റവുമടുത്തു സഹകരിച്ച ബിഷപ്പായിരുന്നു ബെര്‍ഗോളിയോ. ഈ ബന്ധം പട്ടാളഭരണത്തിലും തുടര്‍ന്നു.
പട്ടാളഭരണം അപ്രത്യക്ഷരാക്കിയ ആയിരക്കണക്കിനു പൗരന്മാരുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം നല്‍കിയ അന്നത്തെ നാവിക മേധാവി അഡ്മിറല്‍ എമിലോ മാസ്സറയുമായി ബെര്‍ഗോളിയോ വളരെ അടുപ്പത്തിലായിരുന്നു. അര്‍ജന്റീനയിലെ ഇടതുപക്ഷ ഗറില്ലകളുടെ തലവന്‍ യോറിയോ എന്ന ഈശോസഭാ പുരോഹിതനാണെന്ന് മാസ്സറയെ ബെര്‍ഗോളിയോ അറിയിച്ചിരുന്നതായും യോറിയോ രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള മര്‍ദ്ദകവ്യവസ്ഥക്കെതിരെ നിയമവിധേയ പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടവരെപോലും പുരോഹിതരെന്നോ കന്യാസ്ത്രീകളെന്നോ പരിഗണന നല്‍കാതെ ഭീകരവാദികളെന്ന് മുദ്രകുത്തി സൈന്യം തുറങ്കിലടച്ചപ്പോള്‍ ഭരണത്തെ സഹായിക്കുന്ന സമീപനമായിരുന്നു ബെര്‍ഗോളിയോയുടേത്. തടവിലാക്കപ്പെട്ട പുരോഹിതര്‍ ഭീകരരല്ലെന്ന് പട്ടാളമേധവിയോട് ശുപാര്‍ശ ചെയ്യുമെന്ന് ബെര്‍ഗോളിയോ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അയാള്‍ വിശ്വാസവഞ്ചന കാട്ടുകയായിരുന്നുവെന്ന് ലഭ്യമായ 30 രേഖകള്‍ പരിശോധിച്ചുകൊണ്ടും ഉദ്യോഗസ്ഥരുടെ മൊഴികളെ ഉദ്ധരിച്ചു കൊണ്ടും ഫ്രാന്‍സിസ്‌കോ ജാലിക്‌സ് തന്റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
പീഡനവേളയില്‍ സന്നിഹിതരായിരുന്ന പുരോഹിതര്‍ ഇരകളില്‍നിന്നും കുമ്പസാരത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ മര്‍ദ്ദകര്‍ക്കു കൈമാറിയിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1985-ല്‍ പട്ടാളമേധാവികളുടെ കുറ്റവിചാരണ ആരംഭിച്ചതുമുതല്‍ നിരവധി തവണ കോടതി സമന്‍സ് അയച്ചിട്ടും ബെര്‍ഗോളിയോ ഹാജരാകുകയുണ്ടായില്ല. ഒടുവില്‍ 2010-ല്‍ വിചാരണ നടപടികളുമായി സഹകരിക്കാന്‍ തയ്യാറായ ഘട്ടത്തില്‍ ഇരകളുടെ വക്കീലന്മാരുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ഒഴിഞ്ഞുമാറുകയോ കള്ളം പറയുകയോ ആയിരുന്നു അയാള്‍ ചെയ്തത്.
അപ്രത്യക്ഷരായ നൂറുക്കണക്കിന് അമ്മമാരുടെ കുഞ്ഞുങ്ങളെ പട്ടാളം എടുത്തുകൊണ്ടുപോയി കൊന്നതും ഗര്‍ഭിണികളെ പ്രസവം വരെ തടവറയില്‍ വെച്ചു പീഡിപ്പിക്കുകയും പ്രസവശേഷം നവജാതശിശുക്കള്‍ക്കൊപ്പം വധിച്ചതും അടക്കമുള്ള പൈശാചികവും കരളലിയിപ്പിക്കുന്നതുമായ സംഭവങ്ങളെപ്പറ്റി താന്‍ തികച്ചും അജ്ഞനായിരിന്നുവെന്ന് ഒരു ശ്വാസകോശം മാത്രമുള്ള ബെര്‍ഗോളിയോ അവകാശപ്പെടുകയുണ്ടായി.
എന്നാല്‍ പട്ടാളഭരണത്തിനിടയില്‍ ഇക്കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ബെര്‍ഗോളിയോയെ നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്ന അപ്രത്യക്ഷരായവരുടെ ബന്ധുക്കള്‍ ഇയാള്‍ കള്ളമാണു പറയുന്നതെന്നു പരസ്യമായി വിളിച്ചു പറയുകയുണ്ടായി. വാസ്തവത്തില്‍ 1976 ആരംഭത്തിലെ പട്ടാള അട്ടിമറി നടന്ന് എട്ടുമാസങ്ങള്‍ക്കുശേഷം നവംബറില്‍ കത്തോലിക്കാ സഭാ നേതൃത്വവും പട്ടാളഭരണമേധാവികളും തമ്മില്‍ സഹകരണം ഉറപ്പാക്കുന്നതിനുള്ള രഹസ്യ കൂടിക്കാഴ്ചക്കുള്ള കരുനീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സഹകരണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു 1981 ല്‍ ബ്യൂണസ് അയേഴ്‌സിലെത്തിയ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അന്നത്തെ പട്ടാളമേധാവിയായിരുന്ന ലിയോപാള്‍ഡ് ഗാള്‍ട്ടീരിയെ ബെര്‍ഗോളിയോയുടെ സാന്നിധ്യത്തില്‍ വിമാനത്താവളത്തില്‍ വച്ച് ആലിംഗനം ചെയ്തത്.
അടുത്ത പേജില്‍ തുടരുന്നു
പോപ്പിനെ തെരെഞ്ഞെടുത്തുകൊണ്ടുള്ള വെളുത്ത പുക കത്തോലിക്കാ വിശ്വാസികളായ പാവം ശുദ്ധാത്മാക്കള്‍ കരുതുന്നതുപോലെ ദൈവനിവേശിതമല്ലെന്നും ഓപ്പസ് ദയിയെ പോലുള്ള വത്തിക്കാനിലെ അധികാര ദല്ലാളന്മാരും മൂലധന കേന്ദ്രങ്ങളും സംയുക്തമായി നടത്തുന്ന ലോബീയിങ്ങിന്റെയും കരുനീക്കങ്ങളുടെയും ഫലമാണെന്നും ലോകം അറിയുന്നുണ്ട്.
പട്ടാളഭരണത്തിന്റെ ആവശ്യപ്രകാരം പീഡനക്യാമ്പുകളില്‍ ആവശ്യത്തിനു പുരോഹിതന്മാരെ വിട്ടുകൊടുക്കാനും ബെര്‍ഗോളിയോ താല്പര്യമെടുത്തു. വിരോധാഭാസമെന്നു പറയട്ടെ, മര്‍ദ്ദനത്തിനും മരണത്തിനും വിധേയരായിക്കൊണ്ടിരുന്ന മര്‍ദ്ദിതര്‍ക്ക് സ്വാന്തനമേകുന്നതിനും ആശ്വാസമേകുന്നതിനും പകരം മര്‍ദ്ദകരായ പട്ടാളക്കാര്‍ക്കും പോലീസുകാര്‍ക്കും മനഃസാക്ഷിക്കുത്തില്ലാതെ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കൗണ്‍സലിംഗ് നല്‍കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ.[]
രാഷ്ട്രീയ തടവുകാരെ മയക്കുമരുന്നു പ്രയോഗിച്ച് അര്‍ദ്ധ ബോധാവസ്ഥയിലാക്കിയും നഗ്നരാക്കിയും വിമാനങ്ങളില്‍ അട്ടിയിട്ട് കടലില്‍ കൊണ്ടുചെന്നു തള്ളിയ “മരണപ്പറക്കലുകള്‍” (death flights)ക്കു നേതൃത്വം നല്കിയ നരാധമന്‍മാര്‍ക്ക് “നെല്ല് പതിരില്‍ നിന്നു വേര്‍തിരിക്കുക”യെന്നതു പോലുള്ള ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ആത്മബലം നല്‍കുകയായിരുന്നു അന്നു ബെര്‍ഗോളിയോ അയച്ച കത്തോലിക്കാ പുരോഹിതര്‍ ചെയ്തതെന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
ഇതെല്ലാം ദൈവനിയോഗമാണെന്നും ധൈര്യം കൈവിടേണ്ടതില്ലെന്നുമായിരുന്നു പട്ടാളക്കാര്‍ക്കു നല്‍കപ്പെട്ട ഉപദേശം. പീഡനവേളയില്‍ സന്നിഹിതരായിരുന്ന പുരോഹിതര്‍ ഇരകളില്‍നിന്നും കുമ്പസാരത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ മര്‍ദ്ദകര്‍ക്കു കൈമാറിയിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം പുറത്തുവരികയും കത്തോലിക്കാസഭ ജനങ്ങല്‍ക്കുമുമ്പില്‍ തുറന്നു കാട്ടപ്പെടുകയും ചെയ്തപ്പോള്‍, 2012 ല്‍ ലാറ്റിനമേരിക്കയിലും അര്‍ജന്റീനയിലുമുണ്ടായ രാഷ്ട്രിയ മാറ്റങ്ങളുടെ കൂടി പശ്ചാത്തലത്തില്‍, സഭയുടെ തെറ്റുകളും പരാജയങ്ങളും ചൂണ്ടിക്കാട്ടി രാജ്യത്തെ മെത്രാന്മാരുടെ പേരില്‍ മാപ്പു ചോദിക്കാന്‍ ബെര്‍ഗോളിയോ മുന്‍കൈയെടുത്തെങ്കിലും അതു കാര്യമായെടുക്കാന്‍ അര്‍ജന്റീനിയന്‍ ജനത തയ്യാറായിട്ടില്ല. ബ്യൂണസ് അയേഴ്‌സ് സര്‍വ്വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ഡീന്‍ ഫോര്‍ച്ചുനാറ്റോ മല്ലിമഞ്ചി പറഞ്ഞതിതാണ്: “ചരിത്രം അയാള്‍ക്ക് മാപ്പുകൊടുക്കില്ല.”
ബെര്‍ഗോളിയോയുടെ വ്യക്തിപരമായ തെറ്റുകളെന്നതിനപ്പുറം ചരിത്രത്തിലെ എല്ലാ ഫാസിസ്റ്റ് സ്വേഛാധിപത്യഭരണത്തോടും ആധുനികകാലത്ത് മുതലാളിത്ത സാമ്രാജ്യത്വവ്യവസ്ഥ നടത്തുന്ന എല്ലാ ഭീകരാക്രമണങ്ങളോടും വത്തിക്കാന്‍ എടുത്തുപോന്നിട്ടുള്ള അതിന്റെ സമീപനവുമായി ബന്ധപ്പെട്ടതാണു വിഷയം.
ലാറ്റിനമേരിക്കയില്‍ വിമോചന ദൈവശാസ്ത്രം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ച എണ്ണമറ്റ പുരോഹിതരെ അമേരിക്കന്‍ സാമ്രാജ്യത്വ പിന്തുണയുള്ള വലതുപക്ഷ കക്ഷികള്‍ കൊന്നൊടുക്കിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പ് റൊമീറോയും ഫാദര്‍ കാമില്ലോയും മറ്റും അപ്രകാരം വലതുപക്ഷ ചോറ്റുപട്ടികളാല്‍ കൊല്ലപ്പെട്ടവരാണ്. അതിനെ അപലപിക്കാന്‍ വത്തിക്കാന്‍ ഒരിക്കലും മിനക്കെട്ടിട്ടില്ല.
സ്‌പെയിനിലെ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണത്തെ മറയില്ലാതെ പിന്തുണക്കുകയും ഫാസിസ്റ്റ് മുസ്സോളിനിയുമായി കരാര്‍ ഉറപ്പിച്ചതിന്റെ തുടര്‍ച്ചയായി ക്രൈസ്ത വിരുദ്ധനായ ഹിറ്റ്‌ലറുടെ നാസിഭരണവുമായി കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത പാരമ്പര്യമാണ് കത്തോലിക്കാ സഭയുടേത്.
പോപ്പിന്റെ പ്രതിനിധി ആയ ക്ലോസ് ബാര്‍ബി നാസി ഏജന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞതിതാണ്: “ഒരു കാര്യത്തില്‍ മാത്രമാണ് നമുക്ക് യോജിപ്പ്; അതായത് നമ്മള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്”.
പട്ടാളഭരണത്തിന്റെ ആവശ്യപ്രകാരം പീഡനക്യാമ്പുകളില്‍ ആവശ്യത്തിനു പുരോഹിതന്മാരെ വിട്ടുകൊടുക്കാനും ബെര്‍ഗോളിയോ താല്പര്യമെടുത്തു. വിരോധാഭാസമെന്നു പറയട്ടെ, മര്‍ദ്ദനത്തിനും മരണത്തിനും വിധേയരായിക്കൊണ്ടിരുന്ന മര്‍ദ്ദിതര്‍ക്ക് സ്വാന്തനമേകുന്നതിനും ആശ്വാസമേകുന്നതിനും പകരം മര്‍ദ്ദകരായ പട്ടാളക്കാര്‍ക്കും പോലീസുകാര്‍ക്കും മനഃസാക്ഷിക്കുത്തില്ലാതെ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കൗണ്‍സലിംഗ് നല്‍കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ.
രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ ഏറ്റവും ഹീനവും ദീര്‍ഘിച്ചതുമായ പുത്തന്‍ അധിനിവേശ കടന്നാക്രമണങ്ങളിലൊന്നായ വിയറ്റ്‌നാം യുദ്ധത്തെ വത്തിക്കാന്‍ പിന്തുണച്ചതും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിലായിരുന്നു.
സ്പാനിഷ് ഫാസിസ്റ്റ് ഭരണകാലത്ത് രൂപം കൊടുത്ത ഓപ്പസ് ദയ് (Opus Dei) അഥവാ ദൈവനിയോഗം എന്ന കത്തോലിക്കാ തീവ്രവലതുവിഭാഗം ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ സഭയ്ക്കുള്ളില്‍ നിന്നു കൊണ്ടു ഏകോപിപ്പിക്കുകയെന്ന അജണ്ടയോടെയാണ് പിറവികൊണ്ടത്്. ഡോമിനിക്കന്‍, ഫ്രാന്‍സിസ്‌ക്കന്‍, ജസ്യൂട്ട് തുടങ്ങിയവയെപോലെ കത്തോലിക്കാസഭയിലെ ഓര്‍ഡറുകളിലൊന്നായി ഓപസ് ദയിയും അംഗീകരിക്കപ്പെട്ടത് സാമ്രാജ്യത്വം നവലിബറലിസം ആവിഷ്‌ക്കരിച്ച 1980 കളുടെ തുടക്കത്തിലാണ്.
നിഗൂഢതകള്‍ നിറഞ്ഞ വത്തിക്കാന്റെ ബാങ്ക് ഇടപാടുകളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജോണ്‍പോള്‍ ഒന്നാമനുശേഷം സിംഹാസനാരോഹണം ചെയ്ത ജോണ്‍പോള്‍ രണ്ടാമന്റെ ദീര്‍ഘിച്ച ഭരണകാലത്ത് ഓപ്പസ് ദയ് അമേരിക്കന്‍ സി.ഐ.എ അടക്കമുള്ള തീവ്രവലതുപക്ഷ ചാരസംഘടനകളുടെ കവര്‍സംഘടനയായി മാറിയെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.
പോപ്പിന്റെ പ്രതിനിധി നാസി ഏജന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞതിതാണ്: “ഒരു കാര്യത്തില്‍ മാത്രമാണ് നമുക്ക് യോജിപ്പ്; അതായത് നമ്മള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്”.
പോളണ്ട് മുതല്‍ സോവിയറ്റു യൂണിയന്‍ വരെയുള്ള വത്തിക്കാന്റെ ഇടപെടലുകള്‍ക്ക് പിന്നില്‍ കരുക്കള്‍ നീക്കിയത് ഓപ്പസ് ദയ് ആണെന്ന് കരുതപ്പെടുന്നു. ഇന്ന് കര്‍ദ്ദിനാളന്മാരെയടക്കം പ്രതിഷ്ഠിച്ചുകൊണ്ട് വത്തിക്കാന്റെ ദൈനംദിന ഭരണത്തിലും നയരൂപീകരണത്തിലും നിര്‍ണായകമായി ഇടപെടാന്‍ പ്രത്യേകിച്ച് രൂപതകളിലൂടെയല്ലാതെ ലോകമെങ്ങും നീരാളിക്കൈകളുള്ള ഈ സഭാവിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.
ആമുഖമായി സൂചിപ്പിച്ച പോപ്പിനെ തെരെഞ്ഞെടുത്തുകൊണ്ടുള്ള വെളുത്ത പുക കത്തോലിക്കാ വിശ്വാസികളായ പാവം ശുദ്ധാത്മാക്കള്‍ കരുതുന്നതുപോലെ ദൈവനിവേശിതമല്ലെന്നും ഓപ്പസ് ദയിയെ പോലുള്ള വത്തിക്കാനിലെ അധികാര ദല്ലാളന്മാരും മൂലധന കേന്ദ്രങ്ങളും സംയുക്തമായി നടത്തുന്ന ലോബീയിങ്ങിന്റെയും കരുനീക്കങ്ങളുടെയും ഫലമാണെന്നും ലോകം അറിയുന്നുണ്ട്.
അര്‍ജന്റീനയില്‍നിന്നുള്ള ബെര്‍ഗോളിയോ പാവങ്ങളുടെ പാപ്പായായി വാഴിക്കപ്പെട്ടിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തെ മാത്രമല്ല, ബൈബിളില്‍ അധിഷ്ഠിതമായ വിമോചന ദൈവശാസ്ത്രത്തെപോലും ഇല്ലാതാക്കാന്‍ ഫാസിസ്റ്റു ഭരണവുമായി കൈകോര്‍ത്ത ഇദ്ദേഹത്തെ സാമ്രാജ്യത്വത്തിന്റെ മുഖ്യനടത്തിപ്പുകാരനായ ഒബാമ ഹൃദയം തുറന്ന് സ്വാഗതം ചെയ്തത് ലോകമേധാവിത്വം നിലനിര്‍ത്താനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് ഒരു ലാറ്റിനമേരിക്കന്‍ പോപ്പിന്റെ ആധികാരികത ഏറെ സഹായകരമാകുമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്.
Ref.: 1. www.opusdei.in
2. www.wsws.org