തിരുവനന്തപുരം: തീരദേശ പ്രദേശമായ പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് കാരണമായത് തിരക്കേറിയ സാഹചര്യവും പ്രാദേശിക പ്രത്യേകതകളുമെന്ന് നിഗമനം. കന്യാകുമാരിയില്‍നിന്ന് മത്സ്യം എത്തിച്ച് വില്‍പന നടത്തിയതിലൂടെയാവാം വലിയ വ്യാപനമുണ്ടാകാനുള്ള കാരണമെന്നുമാണ് വിലയിരുത്തല്‍.
മാണിക്യവിളാകം, ബീമാപ്പള്ളി, ചെറിയമുട്ടം, കുമരിച്ചന്ത എന്നീ പ്രദേശങ്ങളുള്‍പ്പെടുന്നതാണ് പൂന്തുറ മേഖല. മത്സ്യത്തൊഴിലാളികള്‍ കൂടുതലായുള്ള പ്രദേശമാണിത്.
കന്യാകുമാരിയില്‍നിന്ന് കുമരിച്ചന്തയില്‍ മത്സ്യമെത്തിച്ച് വില്‍പ്പന നടത്തിയയാളില്‍ നിന്ന് വ്യാപനമുണ്ടായി എന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഇതേ ജോലി ചെയ്യുന്ന വേറെയും ആളുകള്‍ ഇവിടങ്ങളിലുണ്ട് എന്നതിനാല്‍ ഒന്നിലധികം പേരില്‍ നിന്നാകാം വൈറസ് വ്യാപനമുണ്ടായതെന്ന ആശങ്കയുമുണ്ട്.
അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് പൂന്തുറയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാറും വ്യക്തമാക്കി. പൂന്തുറയില്‍ കരയിലും കടലിലും ലോക്ഡൗണ്‍ ശക്തമാക്കും. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്നാണു തീരുമാനം.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്റ് ഇന്‍ ചാര്‍ജ്ജ് എല്‍.സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ ആറു സംഘങ്ങളെയാണ് പൂന്തുറയില്‍ എത്തിച്ചിരിക്കുന്നത്. വ്യാപകമായ രീതിയില്‍ അണുനശീകരണ നടപടികള്‍ സ്വീകരിക്കും. എല്ലാ വീടുകളിലും അണുനശീകരണം നടത്താനാണു തീരുമാനം.