national news
പൂഞ്ചിലെ ഭീകരവാദി ആക്രമണം വോട്ടിന് വേണ്ടിയുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ട്: കോൺ​ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 08, 04:09 am
Wednesday, 8th May 2024, 9:39 am

ചണ്ഡീഗഡ്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നടന്ന ആക്രമണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന ചരണ്‍ജിത് സിങ് ചന്നി. ശനിയാഴ്ച പൂഞ്ചില്‍ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ചന്നിയുടെ പ്രതികരണം.

ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

‘ഇത് തീവ്രവാദി ആക്രമണമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ് പൂഞ്ചില്‍ നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും ഇത്തരം സ്റ്റണ്ടുകള്‍ ബി.ജെ.പി നടത്തിയിരുന്നു, ‘ ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു.

ഇത് ബി.ജെ.പി മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതില്‍ യാതൊരു സത്യവുമില്ല. ആളുകളെ കൊന്നതിന് ശേഷം അവരുടെ മൃതദേഹങ്ങള്‍ വെച്ച് രാഷട്രീയം കളിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ചന്നി കൂട്ടിച്ചേര്‍ത്തു.

ചന്നിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. കോൺ​ഗ്രസ് സൈനികരോട് അനാദരവ് കാട്ടിയെന്നും രാജ്യത്തെ ജനങ്ങളോട് അവര്‍ മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ചന്നിയുടെ പ്രസ്താവന രാജ്യത്തിന് അപമാനമാണെന്ന് പഞ്ചാബ് ബി.ജെ.പി പ്രസിഡന്റ് സുനില്‍ ജാഖര്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൂഞ്ചില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ആറ് പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആക്രമണം നടത്തിയ ആളുകള്‍ക്ക് ഇവര്‍ സഹായം നല്‍കിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വ്യോമസേന അംഗങ്ങളുമായി വന്ന വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സൈന്യവും പൊലീസും ചേര്‍ന്ന് പൂഞ്ചില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

Content Highlight: Poonch terror attack ‘poll stunt’ to help BJP, says former Punjab CM Charanjit Singh Channi