ദ്രാവിഡ സ്ത്രീകളുടെ സൗന്ദര്യമിതാണോ, വിക്രത്തിനും ജയം രവിക്കും പകരം അക്ഷയ് കുമാറോ ഷാരൂഖ് ഖാനോ ആണെങ്കിലോ? പൊന്നിയന്‍ സെല്‍വന്‍ ടീസറിനെതിരെ വിമര്‍ശനം
Film News
ദ്രാവിഡ സ്ത്രീകളുടെ സൗന്ദര്യമിതാണോ, വിക്രത്തിനും ജയം രവിക്കും പകരം അക്ഷയ് കുമാറോ ഷാരൂഖ് ഖാനോ ആണെങ്കിലോ? പൊന്നിയന്‍ സെല്‍വന്‍ ടീസറിനെതിരെ വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th July 2022, 8:15 am

മണി രത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയന്‍ സെല്‍വനെതിരെ വിമര്‍ശനം. പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കിയുടെ പൊന്നിയന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒമ്പതാം നൂറ്റാണ്ടിലെ ചോള രാജ്യത്തെ പറ്റി പറയുന്ന ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെ പറ്റിയാണ് വിമര്‍ശനമുയര്‍ന്നത്.

ചിത്രത്തില്‍ വിക്രം, ജയം രവി, പാര്‍ത്ഥിപന്‍ തുടങ്ങിയ താരങ്ങളാണ് നായക കഥാപാത്രങ്ങളായി വന്നിരിക്കുന്നത്. നായികമാരായി എന്തുകൊണ്ട് തമിഴ് സ്ത്രീകളെ തെരഞ്ഞെടുത്തില്ല എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ടീസറില്‍ കാണിച്ചിരിക്കുന്നത് പോലെ ഐശ്വര്യ റായിയെ പോലെയും തൃഷയെ പോലെയുമാണോ ഒമ്പതാം നൂറ്റാണ്ടിലെ സ്ത്രീകള്‍ ഉണ്ടായിരുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.

ഒരു തമിഴ് സ്ത്രീയുടെ ശരീരം ആര്യന്മാരുടെ പൂര്‍വികരുടേതിനെക്കാള്‍ കുറുകിയതും ശക്തമായതും വീതിയേറിയ ഇടുപ്പും ഇരുണ്ട ചര്‍മ്മവുമല്ലേ? തമിഴ് സ്ത്രീകളുടെ പ്രധാന പ്രത്യേകതകള്‍ തടിയുള്ളതും ശക്തവുമായ ശരീരവും മൂര്‍ച്ചയുള്ള സംഭാഷണ വൈദഗ്ധ്യവുമാണ്. ഇത് തമിഴ് സിനിമാ സംവിധായകര്‍ വൈറ്റ് വാഷ് ചെയ്യുകയാണെന്ന ആരോപണമാണ് ഉയരുന്നത്.

Image

എന്തുകൊണ്ടാണ് തമിഴ് സിനിമകള്‍ തമിഴ് സ്ത്രീകളെ സിനിമയിലേക്ക് എടുക്കുന്നില്ല? കാര്‍ത്തി, ജയം രവി, പാര്‍ത്ഥിപന്‍ എന്നിവര്‍ക്ക് പകരം അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍ എന്നിവരെയാണ് പൊന്നിയന്‍ സെല്‍വനില്‍ അവതരിപ്പിച്ചിരുന്നതെങ്കില്‍ ആ ചിത്രത്തിന് തമിഴ് നാട്ടില്‍ എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

ഐശ്വര്യയേയും തൃഷേയേയും കാസ്റ്റ് ചെയ്തതിലൂടെ മണി രത്‌നം കല്‍ക്കിയോടും അനീതി ചെയ്‌തെന്നും ദ്രാവിഡ സ്ത്രീകളുടെ ശരീര ഘടന ഇവരുമായി ഒരു തരത്തിലും അനുയോജ്യമാവുന്നില്ലെന്നും വിമര്‍ശനമുയരുന്നു.

Image

രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്. എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ആമസോണിന് വിറ്റുപോയത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ് ആരംഭിക്കുക.

Content Highlight: ponniyin selvan which is about the Chola kingdom of the 9th century, has been criticized for its female characters