ഇന്ത്യന്‍ സിനിമാ പ്രേമികള്‍ കാത്തിരുന്ന പൊന്നിയിന്‍ സെല്‍വന്‍ 2 തിയേറ്ററിലെത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയിലടക്കം ചിത്രത്തിന് ലഭിക്കുന്നത്. ഒന്നാം ഭാഗത്തില്‍ തൃഷയുടെയും കാര്‍ത്തിയുടെയും കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതായാണ് തോന്നുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ വിക്രത്തിന്റെയും ഐശ്വര്യ റായുടെയും പ്രകടനങ്ങളാണ് ഉയര്‍ന്ന് നില്‍ക്കുന്നതെന്നാണ് കണ്ടിറങ്ങി ചിലര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ സിനിമയുടെ് അഭിമാനമാണ് പി എസ് 2 എന്നും വിചാരിച്ചതിലും ഭംഗിയായി മണിരത്‌നം സിനിമയെ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ആദ്യത്തെ 1000 കോടി നേടാനുള്ള സാധ്യത പി.എസ് 2 നല്‍കുന്നുണ്ടെന്ന പ്രവചനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
ആദ്യ ഭാഗം പോലെ തന്നെ പിഎസ് 2 ലും മണിരത്‌നം തിരക്ക് കൂട്ടാതെയാണ് കഥ പറയുന്നതെന്നും മോശമായ ഒരു കഥാപാത്രം പോലുമില്ലെന്നും കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അമിത പ്രതീക്ഷയുള്ളതിനാല്‍ ചെറിയ നിരാശയുയര്‍ത്തിയെന്നുള്ള ചില പ്രതികരണങ്ങളും വരുന്നുണ്ട്.
തമിഴ് ജനതയ്ക്കിടയില്‍ വലിയ ജനപ്രീതി നേടിയ ഇതേപേരിലുള്ള കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി മണിരത്‌നം ഒരുക്കിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു.
വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും എ.ആര്‍ റഹ്മാന്റെ സംഗീതം സിനിമയില്‍ രോമാഞ്ച നിമിഷങ്ങള്‍ സമ്മാനിക്കുന്നതാണെന്നും പലരും പ്രതികരിച്ചു.
ലോകമെമ്പാടുമായി 3200 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ എഫ്.ഡി.എഫ്.എസ് ഷോയില്‍ യു.എസില്‍ നിന്നും മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്. ബാഹുബലി 2 നേക്കാള്‍ മികച്ച ചിത്രമാണ് ഇതെന്നും അഭിപ്രായമുണ്ട്.