പൊന്നാനി, മലപ്പുറം ജില്ലയിലെ ഏക തുറമുഖ നഗരം- സി.പി.ഐ.എം സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ അറബിക്കടലിന്റെ തീരത്തുള്ള ഈ നഗരത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഒരു കൂട്ടര്‍. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ പി. നന്ദകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ജനങ്ങള്‍ സംഘടിച്ചതും ടി.എം സിദ്ദീഖ് എന്ന നേതാവിനായി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയതുമാണ് വര്‍ഗീയ പ്രചരണത്തിനുപയോഗിക്കുന്നത്.
മലപ്പുറത്ത് പൊന്നാനിയില്‍ പോലും ഒരു ഹിന്ദു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ റോഡില്‍ ഇറങ്ങിയിരിക്കുകയാണെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നത്. പൊന്നാനിയിലെ മത-സാമുദായിക സമവാക്യത്തെ മുന്‍നിര്‍ത്തി, ഹിന്ദുവായ നന്ദകുമാറിനെ അംഗീകരിക്കാതെ മുസ്‌ലീമായ സിദ്ദീഖിനായി മുറവിളി കൂട്ടുന്നു എന്നാണ് പ്രചരണം. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം?
ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്നോളം മതാടിസ്ഥാനത്തില്‍ പൊന്നാനിയില്‍ ഒരു മുന്നണിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല മണ്ഡലത്തില്‍ ഇന്നേവരെ ജയിച്ച് പോന്നവരാരും മുസ്‌ലീം മതസ്ഥരുമായിരുന്നില്ല.
1957 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ. കുഞ്ഞമ്പുവാണ് പൊന്നാനിയില്‍ നിന്ന് ജയിച്ചത്. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിടവിട്ടകാലങ്ങളിലെന്നോണം സോ കോള്‍ഡ് ‘ഹിന്ദു സ്ഥാനാര്‍ത്ഥികളെ’ വിജയിപ്പിച്ചെടുത്ത ചരിത്രമാണ് പൊന്നാനിയ്ക്കുള്ളത്.
1965 ല്‍ കരുണാകരമേനോന്‍, 77 ല്‍ ഗംഗാധരന്‍, 80 ല്‍ ശ്രീധരന്‍, 87 ല്‍ മോഹനകൃഷ്ണന്‍, 2001 ല്‍ വീണ്ടും എം.പി ഗംഗാധരന്‍ 2011 മുതല്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിങ്ങനെയാണ് പൊന്നാനിയില്‍ ജയിച്ച മുസ്‌ലീം ഇതര മതസ്ഥര്‍.
ഇമ്പിച്ചിബാവ
ഇതില്‍ തന്നെ പി.ടി മോഹനകൃഷ്ണന്‍, ഇമ്പിച്ചിബാവയേയും എം.പി ഗംഗാധരന്‍, ടി.കെ ഹംസയേയും തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്. പൊന്നാനിയില്‍ ഇത്തവണ ടി.എം സിദ്ദീഖിനായി തെരുവിലിറങ്ങിയത് മതാടിസ്ഥാനത്തിലല്ല, ജനകീയതയുടെ പുറത്താണ് എന്നത് ഈ കണക്കുകള്‍ തന്നെ പറയും.
മാത്രമല്ല എസ്.ഡി.പി.ഐ-സി.പി.ഐം.എം ബാന്ധവമെന്ന് പറഞ്ഞും ഈ പ്രതിഷേധ പ്രകടനത്തിന് വര്‍ഗീയ നിറം പകരാന്‍ സൈബര്‍ ഇടങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ എസ്.ഡി.പി.ഐയുമായി സി.പി.ഐ.എം നേരിട്ട് പോരടിക്കുന്ന സ്ഥലമാണ് പൊന്നാനി. ടി.എം സിദ്ദീഖിന്റെ സഹോദരന്‍ തന്നെ എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ പരിക്കേറ്റയാളാണ്.
മണ്ഡലത്തില്‍ നേതൃത്വം പരിഗണിക്കുന്നതെന്ന തരത്തില്‍ പുറത്തുവന്ന മാധ്യമവാര്‍ത്തകളിലെ പി. നന്ദകുമാര്‍ സി.ഐ.ടി.യു ദേശീയ നേതാവാണ്. മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ജനകീയ സാന്നിധ്യമായ സിദ്ദീഖ് പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണ സിദ്ദീഖിന് സീറ്റ് നിഷേധിച്ചപ്പോഴും അടങ്ങിയിരുന്ന അനുഭാവികളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് എന്നും ശ്രദ്ധേയം.
എം.പി ഗംഗാധരന്‍
മലപ്പുറത്ത് സി.പി.ഐ.എമ്മിന്റെ സമുന്നതനായ നേതാവായ പാലൊളി മുഹമ്മദ് കുട്ടി 2011 ല്‍ മത്സരരംഗത്ത് നിന്ന് മാറുന്നുവെന്ന് അറിയിച്ചതുമുതല്‍ ടി.എം സിദ്ദീഖിന്റെ പേര് മണ്ഡലത്തില്‍ സജീവമായിരുന്നു. എന്നാല്‍ അന്ന് ഡി.വൈ.എഫ്.ഐ നേതൃനിരയിലുണ്ടായിരുന്ന പി. ശ്രീരാമകൃഷ്ണനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്. പിന്നീട് 2016 ലും ശ്രീരാമകൃഷ്ണന് തന്നെ പാര്‍ട്ടി സീറ്റ് നല്‍കി.
പാലൊളി മത്സരിച്ച 2006 ലും സിദ്ദീഖിന് സീറ്റ് ലഭിച്ചേക്കുമെന്ന് പ്രവര്‍ത്തകര്‍ കരുതിയിരുന്നു.
തുടര്‍ച്ചയായ രണ്ട് ടേം മത്സരിച്ചവരെ മാറ്റിനിര്‍ത്തുമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു. എന്നിട്ടും ഇത്തവണ സിദ്ദീഖിന് സീറ്റ് നിഷേധിച്ചതോടെയാണ് പ്രവര്‍ത്തകരും അനുഭാവികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്.
ടി.എം സിദ്ദീഖിനെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ ഇന്ന് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിമാരായ ടി.കെ മഷൂദ്, നവാസ് നാക്കോല, ജമാല്‍ എന്നിവരാണ് രാജിവെച്ചത്.
2006 ല്‍ വി.എസ് അച്യുതാനന്ദന് സി.പി.ഐ.എം സീറ്റ് നിഷേധിച്ചപ്പോള്‍ കേരളം കണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ നിന്നുയരുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് പൊന്നാനി സാക്ഷ്യം വഹിച്ചത്. പ്രാദേശിക നേതാവായ ടി.എം സിദ്ദീഖിന് മണ്ഡലത്തിലുള്ള ജനപിന്തുണ തന്നെയാണ് പ്രതിഷേധത്തിന് കാരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.