Sabarimala
കേന്ദ്രമന്ത്രിയുടെ വാഹനം പൊലീസ് തടഞ്ഞു; അബദ്ധം മനസിലാക്കി മാപ്പെഴുതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 22, 02:00 am
Thursday, 22nd November 2018, 7:30 am

പമ്പ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരുടേതെന്ന് കരുതി പമ്പ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് തടഞ്ഞത്.

സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ യാത്ര. പൊലീസ് നടപടിയെ തുടര്‍ന്നു മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസ്സപ്പെട്ടു. പുലര്‍ച്ചെ ദര്‍ശനം കഴിഞ്ഞ് അബദ്ധം പറ്റിയതാണെന്നും മന്ത്രിയാണ് വാഹനത്തിലെന്ന് അറിഞ്ഞിരുന്നില്ലെന്നും പോലീസ് അറിയിച്ചെങ്കിലും ചെറിയ രീതിയില്‍ തര്‍ക്കമുണ്ടായി.

സംഭവത്തില്‍ പൊലീസ് അദ്ദേഹത്തിന് മാപ്പെഴുതി നല്‍കുകയുണ്ടായി. എസ്.പി ഹരിശങ്കറാണ് മാപ്പ് രേഖാമൂലം എഴുതി നല്‍കിയത്.

അതേസമയം, ശബരിമലയിലെ നിയന്ത്രണങ്ങള്‍ മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി പൊന്‍രാധാകൃഷ്ണന്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നലെ ശബരിമലയില്‍ ഹരിവരാസനം പാടി നടയടച്ചതിന് ശേഷമാണ് മന്ത്രിയും സംഘവും മലയിറങ്ങിയത്. രാത്രി 10 ന് സന്നിധാനം പോലീസ് സ്റ്റേഷനുമുന്‍ഭാഗത്ത് കുത്തിയിരുന്നു നാമജപം നടത്തിയവര്‍ക്കൊപ്പവും മന്ത്രി ഉണ്ടായിരുന്നു.