ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്; സീതാറാം യെച്ചൂരിയുടെ വസതിയിലും പരിശോധന
ന്യൂദൽഹി: ന്യൂസ്‌ക്ലിക്ക് വാർത്താ പോർട്ടലിന് ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ്. ന്യൂസ്‌ക്ലിക്ക് പ്രതിനിധി ഇവിടെ താമസിക്കുന്നത് കാരണമാണ് യെച്ചൂരിക്ക് ദൽഹിയിൽ സർക്കാർ നൽകിയ വസതിയിൽ റെയ്ഡ് നടക്കുന്നത്. യെച്ചൂരി ഇപ്പോൾ വസതിയിലില്ല.
ചൈനയിൽ നിന്ന് ഫണ്ട് ലഭിച്ചു എന്ന ആരോപണത്തിൽ ന്യൂസ് ക്ലിക്കിനെതിരെ ദൽഹി പൊലീസ് യു.എ.പി.എ ചുമത്തി. സ്ഥാപനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണെന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
സ്‌പെഷ്യൽ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരിൽ നിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ന്യൂസ്‌ക്ലിക്കിലെ സയൻസ് ഫോറം ഭാരവാഹി ഡി. രഘുനന്ദൻ, സ്റ്റാൻഡ് അപ്പ് കോമേഡിയൻ സഞ്ജയ് രജൗര എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രമുഖ മാദ്ധ്യമ പ്രവർത്തകരായ സഞ്ജയജൗറ, ഭാഷാ സിംഗ്, ഊർമിലേഷ്, പ്രബിർ പുർകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി , സഫ്ദർ ഹാഷ്മിയുടെ സഹോദരനും സാംസ്കാരിക പ്രവർത്തകനുമായ സൊഹൈൽ ഹാഷ്മി എന്നിവരുടെ ഡൽഹിയിലെ വസതികളിലാണ് റെയ്ഡ്. ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
അതേസമയം ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകരുടെ വീടുകളിലുള്ള തുടർച്ചയായ റെയ്ഡുകളിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അപലപിച്ചു. സർക്കാർ വിശദാംശങ്ങൾ പുറത്തുവിടണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
ചൈനീസ് പ്രോപഗണ്ട പ്രചരിപ്പിക്കുന്നതിന് യു.എസ് ശതകോടീശ്വരൻ നെവിൽ റോയിയുമായി ബന്ധപ്പെട്ട നെറ്റ്‌വർക്ക് ഫണ്ടുകൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ ന്യൂസ്‌ക്ലിക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് യു.എസ് മാധ്യമമായ ദി ന്യൂയോർക്ക് ടൈംസ് ആഗസ്റ്റിൽ ആരോപിച്ചിരുന്നു. തുടർന്ന് ഇ.ഡി സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു.
വിമർശിക്കുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന മോദി സർക്കാരിന്റെ തന്ത്രത്തിന് ന്യൂസ്‌ക്ലിക്ക് വഴങ്ങാത്തത് കൊണ്ടാണ് അവർക്കെതിരെ ആക്രമണം നടക്കുന്നത് എന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു. വസ്തുതാപരമല്ലാത്ത വാർത്ത നൽകിയ കാര്യം ഏറ്റുപറഞ്ഞ് തെറ്റ് തിരുത്തിയ ന്യൂസ്‌ക്ലിക്കിനെ ഏറ്റുപറച്ചിൽ മുതലെടുത്ത് മോദിയും കൂട്ടരും ആക്രമിക്കുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Content Highlight: Police raid in News click journalists’ residences; Inspection in Sitaram Yechoori’s house