ചെന്നൈ: ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്ക്ക് നിശ്ചയിച്ച പാത മാറ്റാന്‍ ആവശ്യപ്പെട്ട പൊലീസുദ്യോഗസ്ഥര്‍ക്ക് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ പരസ്യ ശകാരവും ആക്ഷേപവും. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലയായി കണക്കാക്കിയിരിക്കുന്ന പുതുക്കോട്ട ജില്ല വഴി കടന്നു പോകേണ്ടിയിരുന്ന ജാഥയുടെ വഴി മാറ്റി നിര്‍ണയിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസിനും കോടതിയ്ക്കുമെതിരെ രാജ രൂക്ഷമായി പ്രതികരിച്ചത്.
പൊലീസ് സേന “ഹിന്ദു വിരുദ്ധ”വും “അഴിമതി നിറഞ്ഞതു”മാണെന്നായിരുന്നു രാജയുടെ ആക്ഷേപം. മദ്രാസ് ഹൈക്കോടതിയെയും രാജ സഭ്യേതരമായ പദങ്ങളുപയോഗിച്ച് വിമര്‍ശിക്കുകയായിരുന്നു. സംഘര്‍ഷസാധ്യതയുള്ള പ്രദേശമായി പരിഗണിക്കപ്പെടുന്നയിടങ്ങളിലൂടെ ഘോഷയാത്ര കടന്നുപോകണമെന്നായിരുന്നു രാജയുടെ ആവശ്യം. എന്നാല്‍, ക്രമസമാധാനപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പാത മാറ്റണമെന്ന് പൊലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.
നിര്‍ദ്ദേശം സ്വീകരിക്കാന്‍ വിസമ്മതിച്ച രാജ, സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് രോഷാകുലനായത്. “ചില സമുദായാംഗങ്ങള്‍ നിങ്ങള്‍ക്ക് കൈക്കൂലി തരുന്നുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാമറിയാം. ഹിന്ദുക്കള്‍ക്കുവേണ്ടി നിങ്ങള്‍ക്കു കൈക്കൂലി നല്‍കാന്‍ ഞാനും തയ്യാറാണ്. ജനങ്ങളോടു സംസാരിക്കാന്‍ എന്നെ അനുവദിക്കൂ” എന്നായിരുന്നു രാജയുടെ പരാമര്‍ശം.
പൊലീസുദ്യോഗസ്ഥനോട് ദേഷ്യപ്പെട്ടു സംസാരിക്കുന്ന രാജയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷപ്പാര്‍ട്ടിയായ ഡി.എം.കെ രംഗത്തെത്തിയിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ സര്‍ക്കാരും രാജയുടെ പ്രതികരണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുമുണ്ട്.
കോടതിയുടെ നിര്‍ദ്ദേശമുണ്ടെന്ന് പൊലീസുദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടും, പാത മാറ്റി നിശ്ചയിക്കാന്‍ വിസമ്മതിച്ച് തര്‍ക്കിക്കുകയായിരുന്നു രാജ. കോടതിയെയും കോടതിയുത്തരവിനെയും പരിഹസിക്കുന്ന പരാമര്‍ശങ്ങളും ദൃശ്യങ്ങളിലുണ്ട്. കോടതിയലക്ഷ്യത്തിനു സ്വമേധയാ കേസെടുക്കണമെന്ന് മുതിര്‍ന്ന മന്ത്രി ഡി. ജയകുമാര്‍ ആവശ്യപ്പെട്ടു.