തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു.
പാറശാല പൊലീസാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. എന്നാല്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടില്ല എന്നാണ് വിവരം.
മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിരെയായിരുന്നു പരാതി.
മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് തന്നെ സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരക്കളിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തിന്റെ പേരിലും തിരുവാതിരക്കെതിരെ വിമര്‍ശനമുയര്‍ന്നു. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര അരങ്ങേറിയത്.