കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. പട്ടിയുടെ ഉടമയായ റോഷിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്‍മേലാണ് കേസ്.
കണ്ടാലറിയുന്ന, നാട്ടുകാരായ 20 പേര്‍ക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അതോടൊപ്പം റോഷിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ചു എന്ന കേസും ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്.
യുവതിയെ പട്ടികളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ റോഷിന്‍ തോക്ക് ചൂണ്ടുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, പട്ടികളുടെ ഉടമയ്‌ക്കെതിരെ ദുര്‍ബലമായ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നുമാണ് നാട്ടുകാര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു താമരശ്ശേരി അമ്പായത്തോടിലെ ഫൗസിയക്ക് നായയുടെ കടിയേറ്റത്. നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ റോഷിന്റെ വളര്‍ത്തുനായയാണ് റോഡില്‍ വെച്ച് യുവതിയെ കടിച്ചത്.
ഇതിന് മുമ്പും പലര്‍ക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നാണ് ആരോപണം.