മുസലിം വിരുദ്ധ, വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ വൈദികനെതിരെ കേസെടുത്തു. കണ്ണൂര്‍ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറക്കടവിലിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇരിട്ടി മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തി, എന്ന കുറ്റമാണ് വൈദികനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ഹലാല്‍ ഭക്ഷണമെന്നാല്‍ മുസ്‌ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും മറ്റും ജ്യൂസ് കടകള്‍ വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നുണ്ടെന്നുമായിരുന്നു പ്രഭാഷണത്തിനിടെ വൈദികന്‍ പറഞ്ഞത്.
ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നും ഹലാല്‍ വിശദീകരണ യോഗത്തിനിടെ ഫാദര്‍ ആന്റണി പറഞ്ഞിരുന്നു. പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങളുമുണ്ടായിരുന്നു.
വൈദികന്‍ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് മുന്നറിയിപ്പുമായി സുന്നി യുവജന സംഘം (എസ്.വൈ.എസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേരത്തെ രംഗത്തുവന്നിരുന്നു. ഫാദര്‍ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നുമായിരുന്നു സുന്നി യുവജന സംഘം മുന്നറിയിപ്പ് നല്‍കിയത്.
ഫാദറിനെ പോലുള്ളവര്‍ ഇത്തരം വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണെന്നും ഇത് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.