മലപ്പുറം: മലപ്പുറത്ത് ജനകീയ പ്രതിഷേധം ആളിക്കത്തുമ്പോഴും സര്‍വ്വേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനം. ജനരോഷത്തെ തുടര്‍ന്ന് അല്പസമയം നിര്‍ത്തിവെച്ചെങ്കിലും സര്‍വ്വേ നടപടികള്‍ സര്‍ക്കാര്‍ പുനരാരംഭിച്ചു.
രാവിലെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതിനു പിന്നാലെ പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചതായി പ്രദേശത്തെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാകുകയും സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
പൊലീസ് സമരക്കാര്‍ക്കെതിരെ ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. വേങ്ങര എ.ആര്‍ നഗറില്‍ സമരക്കാര്‍ റോഡ് തടസപ്പെടുത്തുകയും ഉപരോധസമരം നടത്തുകയും ചെയ്തു. റോഡിന്റെ ഇരുവശവും തീയിട്ടും പ്രദേശവാസികള്‍ പൊലീസ് നടപടികളെ പ്രതിരോധിച്ചു. ഇവിടെ പൊലീസും പ്രദേശവാസികളിലും പരസ്പരം കല്ലെറിയുന്ന അവസ്ഥയുമുണ്ട്.
അരീത്തോട് സംഘര്‍ഷത്തിനിടെ ഒരു കുട്ടി തളര്‍ന്നുവീഴുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
എന്നാല്‍ റോഡുകളില്‍ നിന്നും കത്തിയ ടയര്‍ കഷണങ്ങളും, മറ്റും നീക്കി പൊലീസ് സര്‍വ്വേ നടപടികള്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയാണ് പൊലീസ് നടപടിയുണ്ടായത്. മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്. ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം. പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.
ദേശീയ പാത 30 മീറ്ററില്‍ ആറുവരിപ്പാതയെന്നതാണ് സമരസമിതി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. 30മീറ്ററിലാണെങ്കില്‍ 50 കുടുംബങ്ങളേ കുടിയിറക്കെപ്പെടൂവെന്നും ഇവര്‍ പറയുന്നു.
ദേശീയ പാത 30മീറ്ററായി ചുരുക്കുക എന്നതിനു പുറമേ നഷ്ടപ്പെടുന്ന ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കുക, നഷ്ടപരിഹാരത്തെ ആദായ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്.