ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കുന്നില്ല, ബുദ്ധമതം പിന്തുടരുമെന്ന് നിര്‍ബന്ധിച്ച് പ്രതിജ്ഞയെടുപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍
national news
ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കുന്നില്ല, ബുദ്ധമതം പിന്തുടരുമെന്ന് നിര്‍ബന്ധിച്ച് പ്രതിജ്ഞയെടുപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 1:00 pm

റായ്പൂര്‍: ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ഛത്തീസ്ഗഡില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്ത് പൊലീസ്.

ബുദ്ധമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്ത ഹെഡ്മാസ്റ്റര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം പുറത്തുവന്നത്.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153എ (മതം, വംശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സൗഹാര്‍ദം നിലനിര്‍ത്തുന്നതിന് മുന്‍വിധിയുള്ള പ്രവൃത്തികള്‍ ചെയ്യുക), 295എ (ഏത് വര്‍ഗത്തിന്റെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശപരമായ പ്രവൃത്തികള്‍) അടക്കമുള്ള വകുപ്പുകളും ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

ജനുവരി 22 നാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഭാരാരി ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി നിയമിതനായ രത്തലാല്‍ സരോവറിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിനിടയില്‍ ഭാരാരി ഗ്രാമത്തില്‍ കുട്ടികള്‍ അടക്കമുള്ള ഒരു കൂട്ടം ആളുകള്‍ സംഘം ചേര്‍ന്നു. തുടര്‍ന്ന് ഹിന്ദു ദൈവങ്ങളായ ശിവന്‍, രാമന്‍, കൃഷ്ണന്‍ എന്നിവരില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നും ബുദ്ധമതം പിന്തുടരുമെന്നും പ്രതിജ്ഞയെടുത്തതായി തീവ്ര വലതുപക്ഷ സംഘടനയുടെ ഭാരവാഹിയായ രൂപേഷ് ശുക്ല പൊലീസില്‍ പരാതി നല്‍കി. ഹെഡ്മാസ്റ്ററുടെ പ്രവര്‍ത്തികള്‍ സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവരെ വ്രണപ്പെടുത്തുന്നതും അവഹേളിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അധികാരികള്‍ പ്രതികരിച്ചു.

Content Highlight: Police arrested a school headmaster in Chhattisgarh for allegedly forcing him to take an oath that he did not believe in Hindu gods