തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ പൊലീസ് കേസില്‍ വിമര്‍ശനമുന്നയിച്ച് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. അഖിലക്കെതിരായ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.
കേസെടുത്തത് വിസ്മയകരമാണെന്നും ഒരു കേസിന്റെ ശരിതെറ്റുള്‍ അന്വേഷിക്കുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ ചുമതലയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വളരെയധികം ചര്‍ച്ച ചെയ്യുന്ന ഒരു കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത
അഖില നന്ദകുമാറിനെതിരായ കേസ് വിസ്മയകരമാണ്. മാധ്യമ സ്വാതന്ത്രത്തിനെതിരായ ഒരു വെല്ലുവിളിയായി ഇതിനെ കാണാം,’ സച്ചിദാനന്ദന്‍ പറഞ്ഞു.
അതേസമയം, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ പ്രതി ചേര്‍ത്തതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.
റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ പ്രസ്താവിച്ചു.
നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്ത പക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ നീങ്ങുമെന്നും കെ.യു.ഡബ്ല്യു.ജെ അറിയിച്ചു.
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഡാലോചനയുണ്ടായെന്ന് ആര്‍ഷോ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അത് പ്രകാരം ഒന്നാം പ്രതി ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്റര്‍ വിനോദ് കുമാറും രണ്ടാം പ്രതി പ്രിന്‍സിപ്പാലുമാണ്. ഇതിലാണ് അഞ്ചാം പ്രതിയായി അഖിലയെ ചേര്‍ത്തിരിക്കുന്നത്.
Content Highlight: Poet and president of Kerala Sahitya Akademi K. Satchidanandan criticized the police case against Asianet News reporter Akhila Nandakumar