ലഖ്‌നൗ: ഉക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനും തിരിച്ചെത്തിക്കാനും സര്‍ക്കാരിന് സാധിച്ചത് ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന ശക്തി കാരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ഒരു അവസരവും തങ്ങള്‍ പാഴാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ശക്തി മൂലമാണ് ഞങ്ങള്‍ക്ക് ഉക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ സാധിച്ചത്,’ മോദി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രചരണത്തിനിടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിക്കാനും മോദി ഈ അവസരം ഉപയോഗിക്കുകയും ചെയ്തു.
ഇന്ത്യന്‍ സൈന്യത്തിന്റെ വര്‍ധിത വീര്യത്തേയും മേക്ക് ഇന്‍ ഇന്ത്യയേയും ചോദ്യം ചെയ്തവര്‍ക്ക് ഇന്ത്യയെ ഒരു കാലത്തും ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു മോദി പറഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശി നവീന്‍ ആയിരുന്നു കൊല്ലപ്പെട്ടത്. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തുമെന്നും ഭരണകൂടം അറിയിച്ചിരുന്നു.
മെഡിസിന്‍ പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോവേണ്ട ആവശ്യമില്ലെന്നും ഇന്ത്യയില്‍ തന്നെ പഠിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് വിദേശത്തേക്ക് ഒഴുകുന്നതെന്നും അത് അവസാനിപ്പിക്കാനായി സ്വകാര്യകമ്പനികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരണമെന്നും മോദി പറഞ്ഞിരുന്നു.
‘നമ്മുടെ കുട്ടികള്‍ പഠനത്തിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി ചെറിയ രാജ്യങ്ങളിലേക്ക് പോവുന്നുണ്ട്. മെഡിസിന്‍ പഠിക്കാനായാണ് ഇതില്‍ ഭൂരിഭാഗം പേരും പോവുന്നത്. അവിടെ ഭാഷ ഒരു പ്രധാന പ്രശ്‌നമാണ്. എന്നിട്ടും അവര്‍ വീണ്ടും അത്തരം രാജ്യങ്ങളിലേക്ക് തന്നെ പോവുകയാണ്.
നമ്മുടെ രാജ്യത്തെ സ്വകാര്യകമ്പനികള്‍ക്കും ഈ മേഖലയിലേക്ക് വലിയ തോതില്‍ കടന്നു വന്നുകൂടെ? സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുസംബന്ധിച്ച് നയങ്ങള്‍ രൂപീകരിക്കാവുന്നതല്ലേ,’ മോദി പറയുന്നു.
റഷ്യ ഉക്രൈനുമേല്‍ അധിനിവേശം നടത്തുന്നതിന് മുന്‍പ് തന്നെ ഈ വിഷയം മോദി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരുന്നു. ഉക്രൈനില്‍ സംഭവിച്ചതുപൊലെ ഇവിടെ നടക്കാതിരിക്കണമെങ്കില്‍ ഉത്തര്‍പ്രദേശിലും രാജ്യത്തും ശക്തമായ നേതാക്കള്‍ ആവശ്യമാണെന്നും, ബി.ജെ.പി ഒഴികെയുള്ളവര്‍ക്ക് അതിന് സാധിക്കില്ലെന്നുമായിരുന്നു മോദി പറഞ്ഞത്.
മോദിയുടെ ഇത്തരം പ്രസ്താവനയ്‌ക്കെതിരെ ആര്‍.എല്‍.ഡി നേതാവും അഖിലേഷ് യാദവിന്റെ സഖ്യകക്ഷിയുമായ ജയന്ത് ചൗധരി രംഗത്തു വന്നിരുന്നു.
‘മോദി ഉക്രൈനെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരികയാണ്. പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ നേതാക്കള്‍ ഉയര്‍ന്നുവരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
Modi bringing in Ukraine to #UttarPradeshElections2022 –
Says ‘Tough times need tough leaders’.So convenient! Now Uttar Pradesh voters shouldn’t ask for relief from spiralling electricity, petrol, diesel costs & for plan for economic development & jobs….
— Jayant Singh (@jayantrld) February 23, 2022
ഇനിയെല്ലാം വളരെ സൗകര്യപ്രദമാണ്. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ ഇനിയിപ്പോള്‍ കുതിച്ചുയരുന്ന വൈദ്യുതി നിരക്ക്, പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് സാമ്പത്തിക വികസനത്തിനും ജോലികള്‍ക്കുമുള്ള പദ്ധതികള്‍ എന്നിവയൊന്നും ചോദിക്കില്ലല്ലോ,’ എന്നായിരുന്നു ചൗധരി ട്വീറ്റ് ചെയ്തത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ കൂടി കഴിയാന്‍ ബാക്കിയുണ്ടെന്നിരിക്കെയാണ് മോദി ഉക്രൈന്‍ വിഷയം ഉത്തര്‍പ്രദേശിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
മാര്‍ച്ച് മൂന്നിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍ അടങ്ങുന്ന മേഖലയിലാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. മാര്‍ച്ച് ഏഴിന് അവസാനഘട്ട തെരഞ്ഞെടുപ്പും നടക്കും.
മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
Content highlight: PM On Citizens’ Ukraine Evacuation in UP election Campaign