ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുമാസത്തോളമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്ഘാടന മാമാങ്കത്തിന് ഇന്നത്തോടെ അന്ത്യമാകുന്നു. ഞായറാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സ്ഥാപക ദിന ആഘോഷത്തിലാണ് മോദി പങ്കെടുക്കുന്നത്.
ഇന്നു വൈകുന്നേരത്തേക്കോ, തിങ്കളാഴ്ചത്തേക്കോ മറ്റ് ഉദ്ഘാടന പരിപാടികളൊന്നും തന്നെ ചാര്‍ട്ട് ചെയ്തിട്ടില്ല. ഇന്നു വൈകുന്നേരം തെരഞ്ഞെടുപ്പു കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഇന്നു വൈകുന്നേരം മുതല്‍ പ്രധാനമന്ത്രി മറ്റു പരിപാടികളൊന്നും ചാര്‍ട്ട് ചെയ്യാതിരുന്നത് ചര്‍ച്ചയാവുന്നത്.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രാ പദ്ധതികള്‍ തീരാനായി കാത്തുനില്‍ക്കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇന്നുവൈകുന്നേരത്തിനുശേഷം പ്രധാനമന്ത്രി മറ്റു പരിപാടികളൊന്നും ചാര്‍ട്ട് ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇത്തരം ആക്ഷേപത്തിന് ശക്തിപകരുന്നുണ്ട്.
കഴിഞ്ഞദിവസം വരെ പ്രധാനമന്ത്രിക്ക് ഉദ്ഘാടന പരിപാടികളുണ്ടായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കില്ലെന്ന് ഉറപ്പായിരുനെന്നാണ് വൈകുന്നേരം അഞ്ചുമണിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താസമ്മേളനം പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് സി.പി.ഐ.എം നേതാവ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ മോദിക്കുവേണ്ടി തിയ്യതി പ്രഖ്യാപനം വൈകിക്കുകയാണെന്ന ധ്വനിയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിലുമുള്ളത്.
“വരുംദിവസങ്ങളില്‍ പ്രധാനമന്ത്രിയ്ക്ക് യാതൊരു ഉദ്ഘാടന പരിപാടികളോ ശിലാസ്ഥാപന പരിപാടികളോ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന്” ഇന്നു രാവിലെ ഹിന്ദുസ്ഥാന്‍ ടൈംസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.