ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഭാവിയില്‍ ഇത്തരത്തിലുള്ള സുരക്ഷാവീഴ്ച ഉണ്ടാവാതിരിക്കാനുള്ള നടപടിയും ഇതിനോടൊപ്പം സ്വീകരിക്കുമെന്നും സൂചനയുണ്ട്.
ബുധനാഴ്ച, പഞ്ചാബിലെ ഫിറോസ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്ര മോദിയെ ഒരുകൂട്ടം ആളുകള്‍ തടയുകയായിരുന്നു. ഇരുപത് മിനിറ്റോളമാണ് പ്രധാനമന്ത്രി റോഡില്‍ കുടുങ്ങിയത്. ഇതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുക്കാതെ മോദി മടങ്ങുകയായിരുന്നു.
ഈ സംഭവം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ഉണ്ടായ സുരക്ഷാവീഴ്ചയാണെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കരിനോട് റിപ്പോര്‍ട്ടും തേടിയിരുന്നു.
തനിക്ക് ജീവനോടെ പോകാന്‍ സാധിച്ചതില്‍ പഞ്ചാബ് മുഖ്യമന്ത്രിയോട് നന്ദി പറയുന്നു എന്നായിരുന്നു വിഷയത്തില്‍ മോദിയുടെ പ്രതികരണം. മോദിയെ കൂടാതെ അമിത് ഷാ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സുനില്‍ ജക്കാര്‍ തുടങ്ങിയവരും സുരക്ഷാവീഴ്ചയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറയുന്നത്.
‘ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര ഏറ്റവും അവസാന മിനിറ്റിലെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. അദ്ദേഹത്തിന്റെ റാലിക്കായുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ അര്‍ധരാത്രി മുഴുവന്‍ ഞാന്‍. 70000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതുകൊണ്ട് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കി. എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയത്,’ ചന്നി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ ജനങ്ങളാരും പങ്കെടുക്കാത്തതിന്റെ നാണക്കേട് മറയ്ക്കുന്നതിനായാണ് ബി.ജെ.പി സുരക്ഷാവിഴ്ചയെന്ന വിഷയം ഉയര്‍ത്തിക്കാട്ടുന്നതെന്നായിരുന്നു പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞത്.
പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന റാലിയില്‍ ജനങ്ങളാരും എത്തിയിരുന്നില്ലെന്നും വേദിയിലെ കാലിയായ കസേരകളില്‍ നിന്നും വിഷയം വഴിതിരിക്കാന്‍ ബി.ജെ.പി നടത്തുന്ന നാടകമാണിതെന്നുമായിരുന്നു സിദ്ദുവിന്റെ ആരോപണം.
പ്രധാനമന്ത്രിയുടെ റാലിക്ക് 70000 പേര്‍ എത്തുമെന്ന് പറഞ്ഞതനുസരിച്ച് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കിയിരുന്നെന്നും എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി നേരത്തെ തുറന്നടിച്ചിരുന്നു.
–@JPNadda Ji, The real reason for Modi ji’s absence from the Ferozepur rally is total boycott by the people of Punjab.Punjab govt in consultation with SPG and other Central agencies provided all security support.The fig leaf of security lapse can’t conceal the reality. pic.twitter.com/4ajKHWpq91
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു നരേന്ദ്രമോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്. പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്നു മോദി.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ മോദിയെ കര്‍ഷകര്‍ തടയുകയായിരുന്നു.
ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴ കാരണം റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.