'മമതയുടെ പ്രത്യയശാസ്ത്രമാണ് ബംഗാളിനെ തകര്‍ത്തത്'; നരേന്ദ്രമോദി
national news
'മമതയുടെ പ്രത്യയശാസ്ത്രമാണ് ബംഗാളിനെ തകര്‍ത്തത്'; നരേന്ദ്രമോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th December 2020, 5:48 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ അജണ്ടയുടെ പേരില്‍ കേന്ദ്ര ഫണ്ട് അവഗണിക്കുന്ന മമതയുടെ നയം സംസ്ഥാനത്തെ 70 ലക്ഷത്തിലധികം കര്‍ഷകരുടെ ജീവിതമാണ് ഇല്ലാതാക്കുന്നതെന്നാണ് മോദിയുടെ വിമര്‍ശനം.

‘പ്രധാനമന്ത്രി കിസാന്‍ നിധി പ്രകാരം ഓരോ കര്‍ഷകനും വര്‍ഷം തോറും 6000 രൂപ കേന്ദ്രം നല്‍കുന്നു. എന്നാല്‍ ചീഞ്ഞളിഞ്ഞ രാഷ്ട്രീയക്കളികള്‍ കളിച്ച് കര്‍ഷകര്‍ക്ക് കിട്ടേണ്ട ഈ ആനുകൂല്യം സ്വീകരിക്കാതിരിക്കുകയാണ് മമത. അവരുടെ ഇത്തരം പ്രത്യയശാസ്ത്രമാണ് ബംഗാളിനെ തകര്‍ത്തുതരിപ്പണമാക്കുന്നത്‌’, മോദി പറഞ്ഞു.

ബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വാക്‌പോര് ശക്തമായ പശ്ചാത്തലത്തിലാണ് മമതയ്‌ക്കെതിരെ മോദി തന്നെ രംഗത്തെത്തിയത്.

പതിനഞ്ച് വര്‍ഷം മുമ്പുള്ള മമതയുടെ പ്രസംഗം നിങ്ങള്‍ കേട്ടു നോക്കു. അപ്പോള്‍ മനസ്സിലാകും അവര്‍ എങ്ങനെയാണ് ബംഗാളിനെ നശിപ്പിച്ചതെന്ന്, മോദി പറഞ്ഞു. കര്‍ഷക സമരം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കായുള്ള പുതിയ ധനസഹായ പാക്കേജായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപനത്തിനിടെയായിരുന്നു മമതയ്‌ക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ വിമര്‍ശനം.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി വഴി രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കായി 18000 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളൊന്നും വിജയിക്കാതെ വന്നതോടെയാണ് കിസാന്‍ സമ്മാന്‍ നിധിയിലൂടെ കര്‍ഷകര്‍ക്ക് ധനസഹായം എത്തിക്കാനുള്ള പുതിയ നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.

അതേസമയം കര്‍ഷക പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തെ പഴിചാരിയും മോദി രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം.

‘കേരളത്തില്‍ നിന്നും ചിലര്‍ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരാണ്. കേരളത്തില്‍ എന്തുകൊണ്ട് എ.പി.എം.സി നിയമമില്ല? അവിടെ എന്തുകൊണ്ട് എ.പി.എം.സിയും മണ്ഡിയും നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇത് രാഷ്ട്രീയം കലര്‍ത്തിയുള്ള സമരമാണ്’, മോദി പറഞ്ഞു.

ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റാണ്. ബംഗാളിലെ കര്‍ഷകര്‍ എന്തുകൊണ്ട് സമരം ചെയ്തില്ല? കര്‍ഷകരുടെ പേരില്‍ സമരം നടത്തുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; PM Narendra Modi Slams Mamatha Banerjee