ഷിംല: ബി.ജെ.പിക്ക് ചെയ്യുന്ന ഓരോ വോട്ടും തന്റെ അക്കൗണ്ടിലേക്കായിരിക്കും വരികയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പിയുടേത് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുകളാണെന്നും വോട്ടര്‍മാര്‍ ബി.ജെ.പിക്കും താമര ചിഹ്നത്തിനും ചെയ്യുന്ന ഓരോ വോട്ടും ഒരു അനുഗ്രഹം പോലെ തന്റെ അക്കൗണ്ടിലേക്കായിരിക്കും നേരിട്ട് വരികയെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
സോളനില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഹിമാചലുമായും അവിടത്തെ ജനങ്ങളുമായുമുള്ള തന്റെ ‘പേഴ്‌സണല്‍ ആന്‍ഡ് ഇമോഷണല്‍’ അടുപ്പത്തെ കുറിച്ച് മോദി സംസാരിച്ചത്.
”ഒരു കാര്യം ഓര്‍മിക്കുക, ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി ആരാണ്? നിങ്ങള്‍ അവരാരെയും ഓര്‍ത്തിരിക്കണമെന്നില്ല. താമരയെ മാത്രം ഓര്‍മിക്കുക. ഞാന്‍ താമരയുമായാണ് നിങ്ങള്‍ക്കരികില്‍ എത്തിയിരിക്കുന്നത്.
വോട്ട് ചെയ്യുന്ന സമയത്ത് നിങ്ങള്‍ താമര ചിഹ്നം കാണുകയാണെങ്കില്‍, അത് ബി.ജെ.പിയാണെന്ന് മനസിലാക്കുക, മോദിയാണ് നിങ്ങള്‍ക്കരികിലേക്ക് വന്നിരിക്കുന്നതെന്ന് മനസിലാക്കുക.
താമരക്ക് നിങ്ങള്‍ ചെയ്യുന്ന ഓരോ വോട്ടും ഒരു അനുഗ്രഹത്തിന്റെ രൂപത്തില്‍ നേരിട്ട് മോദിയുടെ അക്കൗണ്ടിലേക്കാണ് വരിക,” നരേന്ദ്ര മോദി പറഞ്ഞു.
ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പിക്ക് വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
ആകെയുള്ള 68 സീറ്റില്‍ 19 ഇടത്തും ബി.ജെ.പി വിമത വെല്ലുവിളി നേരിടുകയാണ്.
അതേസമയം, നവംബല്‍ 12നായിരിക്കും ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായായിരിക്കും ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനായിരിക്കും വോട്ടെണ്ണല്‍.
1957 മുതല്‍ 13 നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഹിമാചലില്‍ ഇതുവരെ നടന്നിട്ടുള്ളത്. കോണ്‍ഗ്രസ് എട്ട് തവണയും, ബി.ജെ.പി നാലു തവണയും സംസ്ഥാനം ഭരിച്ചിട്ടുണ്ട്. 1977-82 കാലഘട്ടത്തില്‍ ജനതാപാര്‍ട്ടി സര്‍ക്കാരും സംസ്ഥാനം ഭരിച്ചിരുന്നു.
ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ എട്ടിനായിരിക്കും വോട്ടെണ്ണല്‍. ഗുജറാത്തില്‍ മൊത്തം 182 നിയമസഭാ സീറ്റുകളാണുള്ളത്.
ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്കും, രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കുമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.