ന്യൂദല്‍ഹി: നമീബിയയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേരിടാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച മത്സരം അവസാനിച്ചപ്പോള്‍ ലഭിച്ചത് 750ല്‍ അധികം നിര്‍ദേശങ്ങള്‍.
വീര്‍, പികാകി, ഭൈരവ്, ബ്രഹ്മ, ദുര്‍ഗ, ഗൗരി, ഭദ്ര, ശക്തി, മില്‍ഖ, ചേതക്, വായു, സ്വസ്തി… തുടങ്ങി ഏകദേശം 750 ഓളം നിര്‍ദേശങ്ങളാണ് ഇതുവരെ ലഭിച്ചത്. കുനോ കാ കുന്ദന്‍, മിഷന്‍ ചിത്രക്, ചിരായു… തുടങ്ങി 800 ഓളം പേരുകള്‍ ചീറ്റ പുനരധിവാസ പദ്ധതിക്കും നിര്‍ദേശിക്കപ്പെട്ടു.
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ചീറ്റകള്‍ക്ക് അനുയോജ്യമായ പേരുകള്‍ നിര്‍ദേശിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 26 വരെയായിരുന്നു മത്സരം.
ചീറ്റകളെ രാജ്യത്തേക്ക് പുനരവതരിപ്പിച്ച പദ്ധതിയ്ക്കും പേര് നിര്‍ദേശിക്കാന്‍ മോദി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വീണ്ടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ചീറ്റകള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
30 ദിവസത്തെ നിരീക്ഷണത്തിലാണിപ്പോള്‍ ചീറ്റകള്‍. പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടതിന് ശേഷം ആറ് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രദേശത്തേക്ക് തുറന്നുവിടും. അതിന് ശേഷം 748 ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെ സ്വതന്ത്രരാക്കും.
അതേസമയം, ചീറ്റകളെ കൊണ്ടുവരുന്നതിന് വേണ്ടി പ്രദേശത്ത് താമസിച്ചിരുന്ന ആദിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു എന്ന ആരോപണവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.